Wednesday, July 07, 2021

സാറാസ് എന്ന സാമൂഹികവിരുദ്ധ സിനിമ?

ജൂഡ് ആന്റണി യുടെ കോവിഡ്കാല സിനിമ സാറാസ് നിര്‍വഹണപരമായി നല്ലൊരു സിനിമതന്നെയാണ്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമ. പ്രകടനത്തിന്റെ കാര്യത്തിലും മികച്ച സിനിമ. പക്ഷേ...

ഉള്ളടക്കത്തിലെ പ്രതിലോമത്വത്തിന്റെ കാര്യത്തില്‍ സാറാസിനെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. പ്രത്യക്ഷമായും പരോക്ഷമായും സ്വാര്‍ത്ഥതയെ അമാനവികതയെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നൊരു കഥാവസ്തുവാണ് സാറാസിന്റേത്.

ലോകത്ത് മനുഷ്യര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ് കുടുംബമെന്നത്. കരുണ, സഹവര്‍ത്തിത്വം സാമൂഹിക ഘടന തുടങ്ങിയവയും മനുഷ്യകുലത്തിനു മാത്രം സവിശേഷമായവയവയാണ്. ഇരകളെന്ന നിലയ്ക്കല്ലാതെ (ലോകത്തെ സകലമാന പക്ഷിമൃഗവൃക്ഷലതാദികളും ഭക്ഷണചക്രത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ മറ്റുള്ളവയ്ക്ക് ഇരയായി തീരുന്നതാണ്.) മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാന്‍ കഴിയുന്ന ഒരേയൊരു ജന്തുവര്‍ഗമാണ് മനുഷ്യന്‍. അവര്‍ സന്തതികളെ ഉത്പാദിപ്പിക്കുന്നത് വംശവര്‍ധനയ്ക്കു മാത്രമല്ല. ഉണ്ടാക്കുന്ന സന്തതികളെ സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റ് സിദ്ധാന്തത്തിനു വിട്ടുകൊടുത്തിട്ട് സ്വന്തം കാര്യം നോക്കി പോകാറുമില്ല. ബലവാന്‍ ദുര്‍ബലനെ സാന്ത്വനിപ്പിക്കുകയും കൂട്ടത്തില്‍ കൂട്ടുകയും മുതിര്‍ന്നവര്‍ കുട്ടികളെയും ചെറുപ്പക്കാര്‍ വൃദ്ധരെയുമെല്ലാം ഒരു ചങ്ങല പോലെ പരിപാലിക്കുകയും ചെയ്യുന്നത് ലോകത്ത് മനുഷ്യരിലല്ലാതെ മറ്റൊരു ജന്തുവര്‍ഗത്തിലും കാണാനുമാവില്ല. അടിസ്ഥാനപരമായി വ്യക്തി സ്വാര്‍ത്ഥനായിരിക്കുമ്പോഴും സമൂഹത്തിലെ അംഗം എന്ന നിലയ്ക്ക് അവന്‍ തനിക്കു ചുറ്റുമുള്ള ലോകത്തിനുവേണ്ടി, സ്വന്തം കുടുംബത്തിനുവേണ്ടി കൂടി ചിലതു ചെയ്യുന്നു. അത്തരത്തിലൊരു സാമൂഹികവ്യവസ്ഥയാണ് മൃഗത്വത്തില്‍ നിന്ന് ഹോമോസാപ്പിയന്‍സിനെ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നത്.

സാറാസ് ഉദ്‌ഘോഷിക്കുന്നത് സ്വാര്‍ത്ഥതയാണ്. കഥയിലെ സാറയ്ക്കു മാത്രമല്ല, പ്രസിവക്കണോ വേണ്ടെയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ സ്ത്രീയ്ക്കുമുണ്ട്. ഇന്ത്യയില്‍ അത് ഭരണഘടനാപരമായിത്തന്നെ ലഭ്യവുമാണ്. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ആ തീരുമാനത്തിന് അവള്‍ മുന്നോട്ടു വയ്ക്കുന്ന ന്യായീകരണങ്ങളിലാണ് പ്രശ്‌നം. ആ ന്യായീകരണങ്ങളെ മഹത്വവല്‍ക്കരിക്കാനും സാധൂകരിക്കാനുമുള്ള സിനിമയുടെ ശ്രമത്തിലാണ് പ്രശ്‌നം.

ചിത്രത്തില്‍ സിദ്ധിക്കിന്റെ ഡോക്ടര്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനം വളരെയേറെ പ്രസക്തമാണ്. ലോകത്ത് ഏതു തീരുമാനത്തിനും പിന്നില്‍ ചില ആലോചനകളുണ്ട്, ദീര്‍ഘകാലത്തെ ആസൂത്രണവും തയാറെടുപ്പുകളുമുണ്ട്. ജീവിതത്തിലെ എല്ലാ നിര്‍ണായകകാര്യങ്ങളിലും ആഴത്തിലുള്ള ചിന്തയും പരിശീലനവുമെല്ലാമുണ്ട്. പക്ഷേ കുട്ടികളുണ്ടാക്കുന്ന കാര്യത്തില്‍ മാത്രം ഇന്ത്യന്‍ ദമ്പതികളില്‍ ഇത്തരം ആസൂത്രണവും മാനസികവും ശാരീരികവും സാമ്പത്തികവുമായ സജ്ജരാകലും തയാറെടുപ്പുമില്ലെന്ന് സിദ്ധീക്കിന്റെ കഥാപാത്രം ചൂണ്ടിക്കാണിക്കുന്നത് സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ വാസ്തവമാണ്. തീര്‍ച്ചയായും ദമ്പതികളില്‍ രണ്ടാള്‍ക്കും സ്വയം പാകപ്പെട്ടു എന്നു ബോധ്യംവന്നശേഷമേ അവര്‍ കുട്ടികള്‍ക്കു ജന്മം നല്‍കാവൂ. കാരണം അതൊരു തെരഞ്ഞെടുപ്പാണ്. ഒരു തീരുമാനമാണ്. നല്ല രക്ഷാകര്‍ത്താക്കളാവാന്‍ പലവിധ പരിശീലനങ്ങള്‍ അത്യാവശ്യവുമാണ്. പക്ഷേ അതിന് പ്രസവമേ വേണ്ട എന്നൊരു തീരുമാനമോ, ഉണ്ടായ പ്രസവം അലസിപ്പിക്കലോ ആണ് പരിഹാരമാര്‍ഗം എന്ന വിധത്തിലുള്ള നിലപാടാണ് സാറാസ് മുന്നോട്ടുവയ്ക്കുന്നത്. ആ നിലപാടാണ് സാമൂഹികവിരുദ്ധം.

വിവാഹം തന്നെ ഒരു തീരൂമാനമാണ്. ദാമ്പത്യത്തിനും രക്ഷാകര്‍തൃത്വത്തിനും മുമ്പേ കൗണ്‍സിലിങ് വേണം എന്ന ചിത്രത്തിലെ ഡോക്ടറുടെ നിരീക്ഷണം നൂറുശതമാനം യോജിക്കാവുന്നതാണ്. അത്തരത്തിലുള്ള ബോധവല്‍ക്കരണത്തിന്റെ കുറവാണ് സമകാലിക കേരളീയ സമൂഹത്തില്‍ സ്ത്രീധനക്കൊലപാതകമായും ആത്മഹത്യകളായും വര്‍ധിക്കുന്ന വിവാഹമോചനങ്ങളായുമൊക്കെ പ്രതിഫലിക്കപ്പെടുന്നത്. ആ നിലയ്ക്ക് പ്രീ മാരിറ്റല്‍ പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിങ് എന്നത് അത്യന്താപേക്ഷിതം തന്നെയാണ് എന്നംഗീകരിക്കുമ്പോഴും അതിലുപരി കരിയര്‍ നേട്ടങ്ങള്‍ക്കായി മാതൃത്വം ഉപേക്ഷിക്കുക എന്ന തരത്തില്‍ യുവതലമുറയെ മുഴുവന്‍ സ്വാധീനിക്കുംവിധം ഒരു മുദ്രാവാക്യമായി സാറാസ് എന്ന സിനിമ മാറുന്നതിനെയാണ് വിമര്‍ശിക്കേണ്ടത്.

ഒരു സംവിധായകയാവുക എന്ന ചെറുപ്പം മുതല്‍ക്കേയുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ചിത്രത്തിലെ നായികയായ സാറ. അവള്‍ക്കു മുന്നില്‍ തന്റെ കരിയര്‍ മാത്രമേ ഉള്ളൂ. കുട്ടികളെ നോക്കുക അവരുടെ മൂത്രം തുടയ്ക്കുക, വിവാഹം കഴിഞ്ഞ് ബന്ധുക്കള്‍ കൂടുമ്പോള്‍ അവരുമായി കൂടുതല്‍ ഇടപഴകുക എന്നതൊക്കെ വിരോധമായി കാണുന്ന പ്രകൃതക്കാരിയാണവള്‍. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞാലും പ്രവസിക്കുക എന്നത് അജന്‍ഡയിലേ ഇല്ലാത്തവള്‍.ചുരുക്കിപ്പറഞ്ഞാല്‍ തന്നിലേക്കൊതുങ്ങുന്ന, വിവാഹം കഴിഞ്ഞാലും താനും ഭര്‍ത്താവും മാത്രമുള്ള ലോകത്തേക്ക് ഉള്‍വലിയാനിഷ്ടപ്പെടുന്ന, അവിടേക്ക് മറ്റാരും കടന്നുവരുന്നതിഷ്ടപ്പെടാത്ത, തന്റെ തൊഴില്‍ മേഖലയിലെ നേട്ടങ്ങളില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്ന ഞാന്‍, എന്റെ എന്നിത്യാദികളില്‍ മാത്രം സ്വയം പൂര്‍ണമാവാനിഷ്ടപ്പെടുന്ന കറകളഞ്ഞൊരു സ്വാര്‍ഥയാണ് സാറ. മറ്റൊര്‍ത്ഥത്തില്‍ സാമൂഹിക ജീവിതം തന്നെ ഞാന്‍ എനിക്കുവേണ്ടി, എന്‍േത് എന്നതിനപ്പുറം പരിഗണിക്കാത്ത ഒരു മനോരോഗി. അവള്‍ക്കു പറ്റുന്നൊരു ഭര്‍ത്താവിനെത്തന്നെയാണ് അവള്‍ തെരഞ്ഞെടുക്കുന്നതും. പരസ്പരം കുട്ടികള്‍ വേണ്ടെന്നു നിശ്ചയിച്ചു മുന്നേറുന്ന ദാമ്പത്യത്തിനിടെ ആക്‌സിഡന്റല്‍ ആയി ഉണ്ടായിപ്പോകുന്നൊരു ഗര്‍ഭക്കുരുപ്പാണ് സാറാസിലെ ട്വിസ്റ്റ്! അതു വേണ്ടെന്നു വച്ച് തന്റെ കന്നി സിനിമാസംരംഭം വിജയിപ്പിക്കുന്നത് ക്‌ളൈമാക്‌സും! കരിയറിനു വേണ്ടി ആഗ്രഹിക്കാത്തൊരു ഗര്‍ഭം വേണ്ടെന്നുവയ്ക്കുന്നതിലെ നൈതികതയോ ധാര്‍മ്മികതയോ ഉന്നയിച്ച് യാഥാസ്ഥിതികവാദമുയര്‍ത്തുക ഈ നിരൂപണത്തിന്റെ ലക്ഷ്യമേയല്ല. മറിച്ച്, കുട്ടിവേണ്ടെന്ന തീരുമാനത്തെ ന്യായീകരിച്ചു സാറ ചിത്രത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് എങ്ങനെ ചിത്രത്തിന്റെ അന്തസത്തയ്ക്കു തന്നെ വിരുദ്ധമാവുന്നു എന്നു വിശദീകരിക്കുക മാത്രമാണ് ഉദ്ദേശ്യം.

ഗര്‍ഭമലസിപ്പിക്കാനുള്ള സാറയുടെ തീരുമാനം ചോദ്യം ചെയ്യുന്ന ഭര്‍തൃമാതാവിനോട് അവള്‍ ഉന്നയിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്.

1. ജീവിതത്തില്‍ രണ്ടു മക്കളെ പെറ്റുവളര്‍ത്തി എന്നതില്‍ കവിഞ്ഞ് അമ്മ വേറെ എന്തു ചെയ്തു?

2. മക്കളില്‍ ഒരാളെങ്കിലും വയസുകാലത്ത് കൂടെ വന്നു താമസിക്കാന്‍ അമ്മയെ ക്ഷണിച്ചിട്ടുണ്ടോ?

ആദ്യത്തെ ചോദ്യം കേട്ട്, രണ്ടു കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത് എന്താ വലിയൊരു നേട്ടമല്ലേ എന്ന് ആ അമ്മ മറുചോദ്യമുന്നയിക്കുമ്പോഴാണ് സാറയുടെ രണ്ടാമത്തെ ചോദ്യം എന്നോര്‍ക്കുക.

ഒറ്റക്കേള്‍വിയില്‍ ഈ രണ്ടു ചോദ്യങ്ങളും സമൂഹമനഃസാക്ഷിക്കുനേരേ തന്നെയുള്ള ചാട്ടുളികളാണ്. പക്ഷേ ആഴത്തില്‍ പരിശോധിക്കുമ്പോഴാണ് അതിലെ കാപട്യം, വൈരുദ്ധ്യം തിരിച്ചറിയാനാവുക.

വളര്‍ത്തി വലുതാക്കുക എന്നതും ജൈവലോകത്ത് മനുഷ്യര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കര്‍മമോ ധര്‍മ്മമോ ആണ്. മറ്റു ജീവജാലങ്ങളിലെല്ലാം സ്വന്തം കാലില്‍ നില്‍ക്കാനാവും വരെ അഥവാ പാലുകുടി നില്‍ക്കുംവരെ മാത്രമേ ഒരു ജന്തുവിന്റെയോ ജീവിയുടെയോ സംരക്ഷണം അവയുടെ ജനയിതാക്കള്‍ക്കുള്ളൂ (പലപ്പോഴും ആണ്‍വര്‍ഗത്തിന് ഇതില്‍ പങ്കേ ഇല്ലാ താനും)അതിനുമപ്പറും അവര്‍ക്ക് ഭൗതികമായ സാഹചര്യങ്ങളൊരുക്കി പഠിപ്പിച്ചു വലുതാക്കി സാമൂഹിക ജീവിതത്തിന് പറ്റിയവരാക്കി മാറ്റുകയെന്നത് മനുഷ്യകുലത്തില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ആ അര്‍ത്ഥത്തില്‍ സായുടെ അമ്മായിയമ്മയുടെ മറുചോദ്യം പ്രസക്തം തന്നെയാണ്. രണ്ടു കുട്ടികളെ പെറ്റുവളര്‍ത്തി വലുതാക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവഗണിച്ചുകളയാവുന്ന ഒരു കാര്യമല്ല തന്നെ.

ഇനി സാറയുടെ രണ്ടാമത്തെ ചോദ്യത്തിലേക്ക്.വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുള്ളതുകൊണ്ട് ലോകത്തെ ദമ്പതികളൊന്നും മക്കളെ ഉണ്ടാക്കേണ്ട എന്നു പറഞ്ഞാല്‍, കൊലപാതകികളും ബാലപീഡകരും കള്ളന്മാരും കൊള്ളക്കാരുമുണ്ടാവുന്നതുകൊണ്ട് ആരുമിനി മക്കളെ ഉണ്ടാക്കണ്ട എന്നു പറയുന്നതുപോലെയേ ഉള്ളൂ. പീഡോഫീലിക്കുകളും സാമൂഹികവിരുദ്ധരും അക്രമികളും കൊലപാതകികളും അധോലോകികളുമുണ്ടാവുന്നത് അവരെ ആരെങ്കിലും ഉണ്ടാക്കി വിട്ടതുകൊണ്ടല്ല. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തോക്കു കാട്ടി ബാങ്ക് കൊള്ള നടത്തിയ യുവാവ് പ്രശസ്തമായ ഒരു കലാലയത്തില്‍ അദ്ധ്യാപികയും പിന്നീട് പ്രിന്‍സിപ്പലുമായിരുന്ന ഒരു മാന്യവനിതയുടെ മകനായിരുന്നു. അവനെ പൊലീസിനു മുന്നിലെത്തിച്ച അവര്‍ അവനെ വളര്‍ത്തിക്കൊണ്ടുവന്നത് സാമൂഹികവിരുദ്ധനാക്കാനായിരുന്നില്ല. വളരെ അച്ചടക്കത്തോടെയും നന്നായും തന്നെയായിരുന്നു അവരവനെ വളര്‍ത്തിയത്.പക്ഷേ ചില സാഹചര്യങ്ങളാണ് അവനെ കുറ്റക്കാരനാക്കിയത്. സമകാലിക കേരളത്തില്‍ ഓണ്‍ലൈന്‍ വഞ്ചനയ്ക്കും ഗെയിം തട്ടിപ്പുകള്‍ക്കും ഇരകളാവുന്ന മക്കളെയും രക്ഷാകര്‍ത്താക്കള്‍ അങ്ങനെയാവാന്‍ വളര്‍ത്തുന്നവരല്ല. സമാനമാണ് വയസുകാലത്ത് മാതാപിതാക്കളെ നോക്കാത്ത മക്കളുടെ കാര്യവും. നല്ല അച്ഛനമ്മമാരുടെ നന്നായി വളര്‍ത്തിയ കുട്ടികള്‍ കുറ്റവാളികളായിത്തീരുന്നതെങ്ങനെയോ അങ്ങനെതന്നെയാണ് അവരില്‍ ഒരു കൂട്ടര്‍ രക്ഷാകര്‍ത്താക്കളെ സംരക്ഷിക്കാത്തവരായിത്തീരുന്നതും. അതുകൊണ്ടു മാത്രം ആരുമിനി മക്കളെ ഉണ്ടാക്കേണ്ട എന്നു വിചാരിച്ചാല്‍ അതിനെ സാമൂഹികവിരുദ്ധം എന്നല്ലാതെ എന്തു വിളിക്കാനാവും?

കരിയറിനു വേണ്ടി പ്രസവം മാത്രമല്ല, ബന്ധുക്കളടക്കമുള്ള സാമൂഹികജീവിതം പോലും വേണ്ടെന്നുവയ്ക്കുന്നവളാണ് സാറ. അവള്‍ അറിയാതെപോവുന്ന, അവളെ സൃഷ്ടിച്ച തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ് തിരിച്ചറിയാതെ പോവുന്ന ഒന്നാണ് മനുഷ്യത്വം. ഒരേ സമയം വ്യക്തിയായും സാമൂഹികജീവിയായും ജീവിക്കാനുള്ള കഴിവ് മനുഷ്യനു മാത്രം അവകാശപ്പെടാനാവുന്നതാണ്.
ഭൂമിയില്‍ മനുഷ്യനു മാത്രമുള്ളതാണ് വൈവിദ്ധ്യമായ സ്‌കില്‍സ്(കഴിവുകള്‍). ഇന്‍സ്റ്റിങ്റ്റില്‍ നിന്നു വ്യത്യസ്തമായി പഠിച്ചെടുക്കുന്നതും പരിശീലിച്ചെടുക്കുന്നതുമായ സ്‌കില്ലുകള്‍ ഹോമോസാപ്പിയന്‍സിനു മാത്രമവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് മള്‍ട്ടീ ടാസ്‌കിങ് മനുഷ്യനു മാത്രം ചെയ്യാനാവുന്നത്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ചെയ്യാനാവുന്നതുകൊണ്ടാണ് ഓഫീസ് ജോലിയും വീട്ടുജോലിയും നമുക്ക് ചെയ്യാനാവുന്നത്. ഇതില്‍ ഒന്നേ ചെയ്യാനാവൂ എന്നു നാം തീരുമാനിച്ചാല്‍ നമ്മള്‍ നമ്മുടെ സ്‌കില്ലുകളെ വേണ്ടെന്നു വയ്ക്കുകയാണ്. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് പതിയേ നമുക്ക് ആ ബഹുമുഖമായ കഴിവുകള്‍ ഇല്ലാതാവും. ജീവസന്ധാരണത്തിന് ഒരു തൊഴിലെടുത്ത് അതുവഴി സമൂഹത്തിന് തന്റേതായ എന്തെങ്കിലും സംഭാവന നല്‍കിക്കൊണ്ട് അതേസമയം സ്വന്തമായൊരു ജീവിതം കെട്ടിപ്പടുത്ത് അടുത്ത തലമുറയെ പോറ്റിവളര്‍ത്തുകയും തങ്ങളെ പോറ്റിവളര്‍ത്തിയവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രപഞ്ചത്തില്‍ മനുഷ്യര്‍ മാത്രം നിര്‍വഹിക്കുന്ന അവര്‍ക്കു മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. ലോകത്ത് പ്രൊഫഷണല്‍ നേട്ടങ്ങള്‍ കൊയ്ത സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സാമൂഹികജീവിതം വേണ്ടെന്നു വച്ചിട്ട് അതു ചെയ്തവരല്ല.സമൂഹത്തോടുള്ള കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടുതന്നെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണവര്‍. ജോലിക്കു വേണ്ടി കുടുംബത്തെയോ കുടുംബത്തിനു വേണ്ടി തൊഴിലിനെയോ തൊഴിലിനും കുടുംബത്തിനും വേണ്ടി സമൂഹത്തെയോ മറിച്ചോ തഴയുന്നവരെ നല്ല മനുഷ്യരായി കണക്കാക്കാനുമാവില്ല. സമൂഹത്തെ അവഗണിച്ച് തന്‍കാര്യം നോക്കുന്നവരെ അതുകൊണ്ടാണ് സ്വാര്‍ത്ഥര്‍ എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരിഷ്‌കൃത സമൂഹം മുദ്രകുത്തുന്നത്. നിസ്വാര്‍ത്ഥതയെയാണ് ആധുനിക ലോകക്രമവും മഹത്വമായി വാഴ്ത്തിപ്പാടുന്നതും.
മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ വേണ്ടി ത്യാഗം ചെയ്യുക എന്ന ആശയത്തോടൊന്നും യോജിപ്പില്ല. അതൊക്കെ പിന്തിരിപ്പന്‍ തന്നെയാണ്. ത്യാഗം എന്ന ആശയം തന്നെ പ്രതിലോമമാണ്. കാരണം അവിടെ നാം നമ്മളെ ആര്‍ക്കോ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് അതുകൊണ്ടാണ് നഷ്ടബോധത്തോടെ ത്യാഗം എന്ന വാക്കുപയോഗിക്കുന്നത്. കടമ കര്‍ത്തവ്യം എന്നീ നിലകളിലൊന്നുമല്ലാതെ കാരുണ്യം സഹജീവിസ്‌നേഹം എന്നീ വീക്ഷണകോണില്‍ കണ്ടാല്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടണം എന്നു ചിന്തിച്ചാല്‍ മാറാവുന്നതേയുള്ളൂ ഈ കാഴ്ചപ്പാട്
ഈ അര്‍ത്ഥത്തില്‍ സാറാസ് മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം സ്വാര്‍ത്ഥതയുടേതു മാത്രമാണ്. വ്യക്തിസന്തോഷത്തിനു വേണ്ടി സമൂഹത്തെ തള്ളിപ്പറയുന്ന ദര്‍ശനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. അത് മനുഷ്യര്‍ക്കു മാത്രം സാധ്യമായ സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയും സാമൂഹിക മാനങ്ങളെ തൃണവല്‍ക്കരിക്കുന്നു.മനഃശാസ്ത്രപരമായി വിശകലനം ചെയ്താല്‍ സാറയുടെ പ്രശ്‌നം അവള്‍ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടിയാണ് എന്നുള്ളതാണ്.

No comments: