Monday, July 22, 2019

റൊട്ടിക്കടമുക്ക്

അനന്തപുരി സ്‌ട്രോക്‌സ്-2

പണ്ട് പണ്ട്, ഒന്തുകള്‍ക്കും ദിനോസറു കള്‍ക്കും മുമ്പൊന്നു മല്ല.പണ്ടെന്നു പറഞ്ഞാല്‍ എന്റെ കുട്ടിക്കാലത്ത്. അന്ന് എന്റെ വീട് നില്‍ക്കുന്ന പനവിള ജംക്ഷനില്‍ നിന്ന് പാളയത്തേക്കുള്ള ഇരട്ടവരിപ്പാതയിലൂടെ നടക്കുമ്പോള്‍ കവലയിലെ വിറകുകട കഴിഞ്ഞുള്ള അല്‍പം ആളനക്കം കുറഞ്ഞ വഴിക്കപ്പുറം അര കിലോമീറ്ററകലെയുള്ള ചെറു കവലയായിരുന്നു റൊട്ടിക്കടമുക്ക്. ഒരു പക്ഷേ തിരുവനന്തപുരത്തെ ആദ്യത്തെ റൊട്ടിക്കടയായിരുന്നിരിക്കണം ഇവടത്തേത്. പാളയത്തേക്കു പോകുമ്പോള്‍ ഇടതുവശത്ത് രണ്ടു ചെറിയ നിരയും പലകയുമുള്ള കടകളായിരുന്നു. രണ്ടിടത്തും ഉച്ചകഴിഞ്ഞ് റൊട്ടിയുണ്ടാക്കും. ബണ്ണും. പിന്നെ ദില്‍ക്കുഷ് മറ്റു ചില പലഹാരങ്ങള്‍. എല്ലാം വലിയ കണ്ണാടിഭരണികളില്‍ നിറച്ചുവിച്ചിരിക്കും. ഇതുവഴി പോയാല്‍ നല്ല മണമാണ്. ചൂട് മാവും പഞ്ചസാരയും നെയ്യുമൊക്കെ ചേര്‍ന്ന് ബോര്‍മ്മയില്‍ നിന്നുയരുന്ന ഗുമുഗുമാ മണം.റൊട്ടിക്കടകളുള്ള കവലയായതിനാലാവണം ഇതിന് റൊട്ടിക്കടമുക്ക് എന്നായിരുന്നു പേര്. അന്നിവിടെ ലക്ഷണം പറയാന്‍ മറ്റു സ്ഥാപനങ്ങളില്ല. ആകെയുള്ളത് അല്‍പം മുകളില്‍ പഞ്ചാപ്പുര ജംക്ഷനു തൊട്ടുതാഴെയുള്ള സോണിയ സോഫ്റ്റീസ് ഐസ്‌ക്രീം കട മാത്രം. വാന്‍ റോസ് ജംക്ഷനില്‍ ഗോര്‍ക്കിഭവനം അന്നുമുണ്ട്. അവിടെ ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് കള്‍ച്ചറും സോവിയറ്റ് കള്‍ച്ചറല്‍ സെന്ററുമുണ്ടായിരുന്നു. ബേക്കറിയില്‍ ഇന്നു കാണുന്ന മേല്‍പ്പാലമില്ല. വലത്ത് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ആസ്ഥാനമില്ല. വാന്‍ റോസിലേക്കു തിരിയുമ്പോഴുള്ള പെട്രോള്‍ പമ്പില്ല. ആകെയുള്ളത് പഴയകാലത്തെ ഒരു ട്രാഫിക് പോലീസ് കുട. കവലയുടെ ഒത്ത നടുക്ക്. ഇടതോരം ചേര്‍ന്ന് പനവിള മുതല്‍  വലിയ കാനയാണ്. വീതിയുള്ള കാന. പാളയത്തു നിന്ന് പാര്‍വതീ പുത്തനാറിലേക്കുള്ള ആഴുക്കുചാല്‍. വലത്തുവശത്ത് ഉയരത്തില്‍ പടിക്കെട്ടുകളുള്ള റോഡ് ഫ്രണ്ടേജ് ഇല്ലാത്ത കുറേ വീടുകള്‍. പലതിനും മുറ്റം തുറക്കുന്നത് വിമന്‍സ് കോളജ് റോഡിലേക്കാണ്. രാത്രി ഇരുട്ടില്‍ പനവിള-റൊട്ടിക്കട മുക്ക് യാത്ര കുട്ടിയായ എനിക്കു പേടിസ്വപ്‌നമായിരുന്നു-അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ഉരുവിട്ടുകൊണ്ട് ഒറ്റയോട്ടം വച്ചുകൊടുക്കാനുള്ള ഇടം. ജംക്ഷനു വലത്തോട്ട് വഴുതയ്ക്കാട് വരെ കടകളൊന്നുമേയില്ല. ആകെയുളളത് ഗണപതികോവില്‍ മാത്രം!
അന്നൊന്നും വീടുകളില്‍ കടപ്പലഹാരങ്ങള്‍ അധികം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. ബര്‍ഗ്ഗറും പീസയും സാന്‍ഡ് വിച്ചും പതിവാഹാരമായ തലമുറയ്ക്ക് അത്രകണ്ട് മനസിലാക്കാനാവില്ല. വല്ലപ്പോഴും പനിവരുമ്പോഴും വയറിളക്കം വരുമ്പോഴും ഡോക്ടര്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് വീട്ടില്‍ നിന്നാരെങ്കിലും പോയി റൊട്ടിക്കടയില്‍ നിന്ന് ബണ്‍ വാങ്ങിക്കൊണ്ടുവന്നു തരുന്നത്. ജീരകമൊക്കെ ഇട്ടു ചുട്ടുപൊള്ളിച്ച ലേശവും എണ്ണമയമില്ലാത്ത ഗോതമ്പു ബണ്ണിന്റെ രുചിക്കുവേണ്ടി മാത്രം പനിയുണ്ടാക്കിയ ദിവസങ്ങളുണ്ട് ജീവിതത്തില്‍! (ബണ്ണിനോടുള്ള പ്രതിപത്തിക്ക് ഇപ്പോഴുമില്ല തെല്ലും കുറവ്).
കാലാന്തരേ ഈ കവല ബേക്കറി ജംഗക്ഷനായി ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു. (കോട്ടയംകാരുടെ ബേക്കര്‍ ജംക്ഷന്‍ പോലെ സായിപ്പിന്റെ പേരൊന്നുമല്ല. ഇത് റൊട്ടിക്കടയുടെ നല്ല ഒന്നാന്തരം മൊഴിമാറ്റം-ബേക്കറി!)കാന സ്‌ളാബിട്ടു മൂടി. മേല്‍പ്പാലം വന്നു. ആര്യാസ് അടക്കമുള്ള ഹോട്ടലുകള്‍ വന്നു. റൊട്ടിക്കടകള്‍ പിന്നീടെപ്പോഴോ ആദ്യം എന്‍ജിന്‍ ഓയില്‍-ബാറ്ററി കടയും പിന്നീട് കേരളത്തിലെ ആദ്യത്തെ മാര്‍ജിന്‍ ഫ്രീ കണ്‍സ്യൂമര്‍‌സ്റ്റോറുമായി രൂപാന്തരപ്പെട്ടു. എന്നിട്ടും പേരിന് ബേക്കറിഉല്‍പ്പന്നങ്ങളും വില്‍ക്കുന്നൊരു ജനറല്‍ സ്റ്റോറും, കെ.എസ്.ജോര്‍ജിന്റെ ഇളയമകന്‍ ലാലന്‍ ജോര്‍ജിന്റെ ഡൈന സ്റ്റുഡിയോയുമായി.റോഡിനു വീതികൂടിയപ്പോള്‍ പഞ്ചാപ്പുര ജംക്ഷന്‍ തന്നെ അപ്രസക്തമായി.പകരം താഴെ സ്‌പെക്ടര്‍ ജംക്ഷന്‍ (വാന്റോസ് ജംക്ഷനിലേക്ക് ഗോര്‍ക്കിഭവനു വശത്തുകൂടി മദേഴ്‌സ് വെജ് പ്‌ളാസയ്ക്കു മുന്നിലൂടെയുള്ള ബൈപ്പാസ്) പ്രധാനമായി. തിരക്കില്‍ ഭ്രാന്തെടുക്കുന്ന കവലയായിത്തീര്‍ന്നു ബേക്കറി ജംക്ഷന്‍.
എന്നാലും ഇപ്പോഴും ഈ ജംക്ഷന്‍ ആ പേരിനെ അന്വര്‍ത്ഥമാക്കുംവിധം കടപ്പലഹാരങ്ങളുടെ പറുദീസയായിത്തന്നെ തുടരുന്നുവെന്നതാണ് അദ്ഭുതം. തിരുവനന്തപുരത്തെ പേരെടുത്ത ബേക്കറികളിലൊന്നായ അംബ്രോസിയയുടെ തുടക്കം ഇവിടെയാണ്. ബേക്കറിയില്‍ നിന്ന് വാന്‍ റോസിലേക്കു പോകുമ്പോള്‍ ഇടതുവശത്ത് എസ്ബിഐ എടിഎമ്മിനു മുകളിലായി തുടങ്ങിയ അംബ്രോസിയയാണ് പിന്നീട് കവഡിയാറിലും ടെക്‌നോപാര്‍ക്ക് ബൈപ്പാസിലുമൊക്കെയായി തഴച്ചുവളര്‍ന്നത്. തലസ്ഥാനത്ത് സ്വീറ്റ് മഹാള്‍ വന്നതും ആദ്യം ഈ കവലയില്‍ത്തന്നെ. തിരുവനന്തപുരത്ത് ഇപ്പോള്‍ ഏറ്റവും ഡിമാന്‍ഡുള്ള കേക്ക്/ബ്രൗണീ ഷോപ്പുകളിലൊന്നായ കേക്ക് ഫോര്‍ട്ടും ഇവിടെത്തന്നെ. പഴയ സ്‌പെക്ടര്‍ (സ്വകാര്യ ഐടിഐ) കെട്ടിടത്തിനെതിര്‍വശത്ത് കാര്‍വര്‍ക്ക് ഷോപ്പിനോടു ചേര്‍ന്ന ഒരു ചെറിയ കട.) ഇവിടത്തെ ബ്രൗണിയുടെ രുചി ഒന്നു വേറെ തന്നെ! അന്ന് അപൂര്‍വമായ ടിഷ്യൂ പേപ്പറും നീളന്‍ സ്ഫടികപ്പാത്രവും കോണ്‍ ഐസ്‌ക്രീമും ഐസ്‌ക്രീം മേക്കിങ് മെഷീനുമൊക്കെയുള്ള തെക്കന്‍ തിരുവിതാംകൂറിലെ ആദ്യത്തെ സോഫ്റ്റീ ഐസ്‌ക്രീം വെന്‍ഡറായിരുന്ന സോണിയ സോഫ്റ്റീസ് പൂട്ടിപ്പോയെങ്കിലും ബാസ്‌കിന്‍ ആന്‍ഡ് റോബിന്‍സിന് ഇവിടെയുണ്ടായി ഒരു ഔട്ട്‌ലെറ്റ്. നഗരം വളര്‍ന്നാലും എത്ര പുരോഗമിച്ചാലും ചില പൈതൃകങ്ങള്‍ ഇങ്ങനെ കാലത്തിനൊത്ത് രൂപഭാവാദികള്‍ മാറിയും നിലനില്‍ക്കുന്നു. അതാണ് തിരുവനന്തപുരത്തിന്റെ ഭംഗി!

റൊട്ടിക്കടമുക്ക്

No comments: