Friday, May 31, 2019

വിജയസാഗരങ്ങളുടെ വന്‍കരകള്‍

സിനിമയുടെ ചരിത്രം മലയാളത്തില്‍ പലര്‍ പലകുറി എഴുതിയിട്ടുള്ളതാണ്. എത്രയോ വേര്‍ഷന്‍ ഞാനടക്കം സിനിമാതല്‍പരര്‍ വായിച്ചിട്ടുള്ളതുമാണ്. ഇന്റര്‍നെറ്റോ വിവരസാങ്കേതികവിദ്യയോ എന്തിന് പത്രപ്രസാധനം തന്നെ അത്രയ്ക്ക് വികസിച്ചിട്ടില്ലാത്ത കാലത്ത് നമ്മുടെ ചലച്ചിത്ര ചരിത്രകാരന്മാര്‍ ലോകസിനിമയുടെ ചരിത്രം എഴുതിയിട്ടുണ്ട്. നാദിര്‍ഷാ മുതല്‍ എം.എഫ്.തോമസ് സാറും, മണര്‍ക്കാട് മാത്യു സാറും വിജയകൃഷ്ണന്‍ സാറുമൊക്കെ ഇത്തരത്തില്‍ ലോകസിനിമാചരിത്രം പലതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറയില്‍ സാജന്‍ തെരവപ്പുഴയാകട്ടെ രാജ്യം തിരിച്ചുവരെ ചരിത്രമെഴുതിയിട്ടുമുണ്ട്. എന്നേപ്പോലുള്ളവര്‍ വായിച്ചു തുടങ്ങിയത് വിജയകൃഷ്ണന്‍ സാറിന്റെയും തോമസ് സാറിന്റെയും മറ്റും ചരിത്രങ്ങളാണ്. അങ്ങനെ വായിച്ച് ഹൃദിസ്ഥമാക്കിയ സിനിമാ ചരിത്രം ഇന്നത്തെ കുട്ടികള്‍ക്ക് ഉള്ളം കൈയിലെ നെല്ലിക്ക പോലെ ഗൂഗിളില്‍ ലഭ്യമാണ്. ഇങ്ങനൊരു കാലത്ത് വീണ്ടുമൊരു സിനിമാ ചരിത്രരചനയ്ക്ക്, അതും അച്ചടി രൂപത്തില്‍ എന്തു പ്രസക്തിയാണുള്ളത്? ചലച്ചിത്രചരിത്രകാരനായ ശ്രീ വിജയകൃഷ്ണന്‍ സാര്‍ കലാകൗമുദിയില്‍ ആരംഭിച്ച സാഗരങ്ങളും വന്‍കരകളും എന്ന ലോകസിനിമാചരിത്രപരമ്പരയുടെ പരസ്യം കണ്ടപ്പോള്‍ സ്വാഭാവികമായി തോന്നിയ സന്ദേഹമാണിത്. എന്നാല്‍ വായിച്ചുതുടങ്ങിയപ്പോഴേ ആ ആശങ്ക അസ്ഥാനത്തായെന്നു തെളിഞ്ഞു. കേവലമൊരു ചരിത്രരചനയല്ലിത്. സിനിമയെ അറിയുന്ന, സിനിമയെടുക്കാനറിയുന്ന, അതിന്റെ പശ്ചാത്തലമറിയുന്ന ഒരാള്‍ നേരിട്ടെഴുതുന്ന ചരിത്രത്തിന് ചില വൈവിദ്ധ്യങ്ങളുണ്ടാവും. അതിന് കേവലചരിത്രത്തിനപ്പുറം കാഴ്ചപ്പാടിന്റെ പിന്‍ബലമുണ്ടാവും. അതുമാത്രമല്ല സാഗരങ്ങളും വന്‍കരകളുമിന്റെ സവിശേഷത. അതു ചരിത്രത്തിന്റെ പുനര്‍വായനയോ പിന്‍വായനയോ കൂടിയായി ഒരു വിശകലനത്തിന്റെ തലം തേടുന്നുണ്ട്. അതുകൊണ്ടു തന്നെ പല ചരിത്രങ്ങളുടെ അഥവാ ചരിത്രത്തിന്റെ പല പരിപ്രേക്ഷ്യങ്ങളുടെ വിശകലനത്തിലൂന്നിയ പുതിയൊരു വീക്ഷണകോണ്‍ അവതരിപ്പിക്കാന്‍ വിജയകൃഷ്ണന്‍ സാറിനു സാധിക്കുന്നു. നിഷ്പക്ഷത എന്നതിനപ്പുറം ഉണ്മ തേടുന്നതിനുള്ള യൂക്തികളാണ് അതിന്റെ ഉപാധികളാവുന്നത്. ഇന്റര്‍നെറ്റ് കാലത്ത് വായനയെ മടക്കിക്കൊണ്ടുവരാന്‍ ഇത്തരം സമീപനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും മാത്രമേ സാധിക്കൂ. ഭൂരിപക്ഷം സമകാലിക ചരിത്രമെഴുത്തും വായനയും ഇന്റര്‍നെറ്റിലെ വിവരശേഖരണങ്ങളുടെ തര്‍ജ്ജമ മാത്രമാകുന്ന കാലത്ത് വസ്തുതകളെ ഇഴപിരിച്ചു പുനഃപരിശോധിച്ച് പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയെന്നത് സാഹസമാണ്. ആ സാഹസമാണ് വിജയകൃഷ്ണന്‍ സാറിന്റെ പരമ്പര.

No comments: