Sunday, September 16, 2018

ആത്മാവ് തേടുന്ന ചിത്രാടനം!



 ചലച്ചിത്രസമീക്ഷ, സെപ്റ്റംബര്‍ 2018

എ.ചന്ദ്രശേഖര്‍

ചിലരെപ്പറ്റി
നമുക്കൊക്കെ ചില ധാരണകളുണ്ട്. പലപ്പോഴും അവരുടെ ആന്തരസ്വത്വത്തിനു വിരുദ്ധമായ കാഴ്ചപ്പാടായിരിക്കുമത്. മുതിര്‍ന്ന ചലച്ചിത്രനിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമെല്ലാമായ എം.എഫ്.തോമസിനെപ്പറ്റി പൊതുധാരണയും അതുതന്നെയാണ്. നിസ്വനും സൗമ്യനുമായ നിശബ്ദ സാന്നദ്ധ്യം.അങ്ങനെയാണ് തോമസ് സാറിനെ പലപ്പോഴും വിലയിരുത്തപ്പെട്ടു കണ്ടിട്ടും കേട്ടിട്ടുമുള്ളത്. പക്ഷേ നേരനുഭവത്തില്‍ വ്യക്തിപരമായി എനിക്കറിയാവുന്ന ഗുരുതുല്യനായ എം.എം.തോമസ് സാറിന്റെ വ്യക്തിത്വം മറ്റൊന്നാണ്. നല്ല സിനിമയ്ക്കു വേണ്ടി അണുവിട വിട്ടൂവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യമുള്‍ക്കൊള്ളുന്ന കരുത്തന്റേതാണത്.2016ലെ ഐഎഫ്എഫ്കെയിലേക്കുള്ള മലയാളസിനിമയുടെ പ്രിവ്യൂ ജൂറിയില്‍ അംഗങ്ങളായിരിക്കെ ആ കാര്‍ക്കശ്യം നേരിട്ടറിയാനായതാണ്. ഭാഷയിലും പെരുമാറ്റത്തിലുമുള്ള പാവത്തമൊന്നും സിനിമയെപ്പറ്റിയുള്ള ഉത്തമബോധ്യത്തിലൂന്നിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലും സമീപനങ്ങളിലും തെല്ലും പ്രതിഫലിപ്പിക്കാറില്ല. അതാണ് മലയാള സിനിമാ നിരൂപണ വഴിയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന ചുരുക്കം ചിലരില്‍ ഒരാളായ തോമസ് സാറിന്റെ ചലച്ചിത്ര ചരിത്രത്തിലെ പ്രസക്തി. 90 വയസാഘോഷിക്കുന്ന മലയാളസിനിമയ്ക്ക് ഒപ്പം നടന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. അതില്‍ 50 വര്‍ഷവും ഒരു ആക്ടിവിസ്റ്റായിത്തന്നെ കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ചലച്ചിത്രസൊസൈറ്റികളുടെ പ്രവര്‍ത്തന
ങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ളതും. ഒരായുസില്‍ തീര്‍ത്തും സാര്‍ത്ഥകമായ അരനൂറ്റണ്ട്. നല്ല സിനിമയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ജീവിതത്തിന് സമൂഹം നല്‍കുന്ന അര്‍ത്ഥവത്തായ ഗുരുപൂജയായിട്ടാണ് തോമസ് സാറിനെപ്പറ്റി അദ്ദേഹം രക്ഷാധികാരിയായ ബാനര്‍ ഫിലിം സൊസൈറ്റി നിര്‍മിച്ച് ആര്‍. ബിജു സംവിധാനം ചെയ്ത നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തെ ഞാന്‍ കണക്കാക്കുന്നത്.കാരണം ബിജുവിന്റെ സിനിമ ആ വ്യക്തിത്വത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ തുറന്നു കാണിക്കുന്നുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കഥാപുരുഷന്റെ നിഷ്‌കര്‍ഷയത്രയും അദ്ദേഹത്തിന്റെയും അദ്ദേഹവുമായി ബന്ധമുള്ള ചലച്ചിത്രപ്രവര്‍ത്തരുടെയും വാക്കുകളിലൂടെ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.
സിനിമയുടെ ഉത്ഭവം മുതല്‍ അതില്‍ ഭ്രമിച്ച് അതിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും ലാവണ്യാനുഭൂതിയും തേടി യാത്രയായ എം.എഫ്.തോമസിനെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സത്യജിത് റേയില്‍ തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു നിന്നുകൊണ്ട് വികസിച്ച ജീവിതം. അതിന്റെ ഓരോ പടവും അടൂരിന്റെയും തോമസിന്റെയുമൊക്കെ വാക്കുകളില്‍ പ്രകടമാണുതാനും. വാസ്തവത്തില്‍ ചിത്രലേഖയില്‍ അംഗത്വം നേടുന്നതോടെയാണ് തന്റെ ചലച്ചിത്രാസ്വാദനജീവിതത്തിന് മറ്റൊരു പടവുതാണ്ടാനായതെന്ന് ചിത്രത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം.തോമസിനെപ്പോലെ ഇത്രയധികം ലോകസിനിമകള്‍ കണ്ടിട്ടുള്ള ആളുകള്‍ കേരളത്തില്‍ ചുരുക്കമായിരിക്കുമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ആ കര്‍മപഥത്തിന്റെ സാര്‍ത്ഥകതയ്ക്കു നിദര്‍ശനമാണ.് ചിത്രലേഖയുടെ പ്രധാന കാര്യദര്‍ശികളിലൊരാളായിത്തീര്‍ന്ന എം.എഫ്.തോമസ് എന്ന സഹയാത്രികന്റെ ചലച്ചിത്രമേളകളിലെയും മറ്റും പ്രിവ്യൂ ജൂറിയിലെ നിശബ്ദസേവനങ്ങളെപ്പറ്റിയും അടൂര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പക്ഷേ അതിനേക്കാളൊക്കെ പ്രധാനം, ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തുന്നതുപോലെ, അതില്‍ അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് ഗൗരവമുള്ള ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതാണ് നിരൂപകനെന്ന നിലയ്ക്കും ചലച്ചിത്രസഹയാത്രികനെന്ന നിലയ്ക്കും എം.എഫ്.തോമസ് എന്ന മനുഷ്യന്റെ അധികമാരും ഇനിയും മനസിലാക്കിയിട്ടില്ലാത്ത യഥാര്‍ത്ഥ പ്രസക്തി. മുഖ്യധാരാപ്രസാധകശാലകള്‍ക്കൊന്നും ഗൗരവമാര്‍ന്ന ചലച്ചിത്രപഠനഗ്രന്ഥങ്ങള്‍ പഥ്യമല്ലാതിരുന്ന കാലത്ത്, മലയാളത്തിലെ ചലച്ചിത്രസാഹിത്യം കേവലചരിത്രരചനയിലും ഏറിയാല്‍ ചിത്രനിരൂപണക്കുറിപ്പുകളിലും മാത്രം വ്യവഹരിച്ച കാലത്താണ് തൃശൂരില്‍ നിന്നു തലസ്ഥാനത്തു ചേക്കേറി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി ചേര്‍ന്ന എം.എഫ്.തോമസ് പുതിയൊരു ജനുസിനുതന്നെ മലയാളചലച്ചിത്രസാഹിത്യത്തില്‍ പാതവെട്ടിത്തുറക്കാന്‍ ഇച്ഛാശക്തി കാണിച്ചത്. മലയാളത്തില്‍ ചലച്ചിത്രസൗന്ദര്യശാസ്ത്രാപഗ്രഥനങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ് തന്റെ മേലധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തിക്കൊണ്ട് ഉള്‍ക്കാഴ്ചയുടെ ആഴമുള്ള ചലച്ചിത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വഴിമരുന്നിടാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് ഒട്ടുമേ ചെറിയ കാര്യമല്ല തന്നെ.മലയാള ചലച്ചിത്രസാഹിത്യത്തിലെ ക്ളാസിക്കുകളായി കണക്കാക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, ഐ ഷണ്മുഖദാസിന്റെ മലകളില്‍ മഞ്ഞു പെയ്യുന്നു, വിജയകൃഷ്ണന്റെ ചലച്ചിത്രത്തിന്റെ പൊരുള്‍, ഡോ.വി.രാജാകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി,കെ.വേലപ്പന്റെ സിനിമയും സമൂഹവും തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം എം.എഫ്.തോമസ് എന്ന കൃതഹസ്തനായ എഡിറ്ററുടെ അദൃശ്യകയ്യൊപ്പുണ്ട്. സ്വയം എഴുതി പ്രസിദ്ധീകരിച്ച സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്രയാത്രകള്‍ പോലെ ദേശീയ ശ്രദ്ധ നേടിയെടുത്ത ചലച്ചിത്രപഠനങ്ങള്‍ക്കുപരി ഇതര നിരൂപകര്‍ക്കുകൂടി എഴുത്തിടം നല്‍കുകയും അവരുടെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അധികം പേരുണ്ടെന്നു തോന്നുന്നില്ല മലയാളത്തില്‍. കോക്കസുകള്‍ക്കതീതനായി എം.എഫ്.തോമസ് എന്ന ചലച്ചിത്ര നിരൂപകന് ലബ്ധപ്രതിഷ്ഠനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ പുതുതലമുറയിലെ സജിന്‍ ബാബുവരെയുള്ള സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാവുന്നതും വഴികാട്ടിയോ സുഹൃത്തോ സഹചാരിയോ ആവുന്നതും മറ്റൊന്നും കൊണ്ടല്ല.
സമൂഹമാധ്യമങ്ങളോ വിനിമയോപാധികളോ എന്തിന് യാത്രാസൗകര്യമോ പോലും ഇന്നുള്ളതിന്റെ പത്തിലൊന്നുപോലുമില്ലാതിരുന്ന കേരളത്തില്‍ ഇടുക്കിയും വയനാടുമടക്കമുള്ള ഓണം കേറാമൂലകളിലെ ഫിലിം സൊസൈറ്റികളില്‍ വിശ്രമമില്ലാതെ സഞ്ചരിച്ച് എം.എഫ് തോമസ് ചലച്ചിത്രബോധവല്‍ക്കരണ ക്ളാസുകളും പ്രഭാഷണങ്ങളും നിര്‍വഹിച്ചതിനെപ്പറ്റി സഹയാത്രികനായ നിരൂപകന്‍ വിജയകൃഷ്ണന്‍ ഡോക്യൂമെന്ററിയില്‍ വെളിവാക്കുന്നുണ്ട്. ചെറിയ അനാരോഗ്യങ്ങളെപ്പോലും വലിയ അസുഖങ്ങളായി കണക്കാക്കുന്ന തോമസിന്റെ സഹജത്വം പക്ഷേ അതെല്ലാം മറന്നാണ് നല്ല സിനിമയുടെ പ്രചാരണത്തിനും പ്രബോധനത്തിനുമായി ആരോഗ്യം നോക്കാതെ നാടുനീളെ അലഞ്ഞത്.
എം.എഫ്.തോമസ് ജനിച്ചു വളര്‍ന്ന തൃശൂരിലെ തേക്കിന്‍കാട് മൈതാനി, അദ്ദേഹം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്, ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവിട്ട ടാഗോര്‍ തീയറ്റര്‍ തുടങ്ങിയ ഇടങ്ങളില്‍ വച്ചാണ് ബിജു ഓര്‍മകളിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയുള്ള മടക്കയാത്ര ചിത്രീകരിച്ചിട്ടുളളത്.
വി.രാജകൃഷ്ണന്‍ രേഖപ്പെടുത്തുന്നതുപോലെ, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനോ സ്വയം ഗ്ളാമര്‍ ചമയാനോ ഉള്ള ചെപ്പടിവിദ്യകളൊന്നും കൈവശമില്ലാത്തയാളാണ് എം.എഫ്.തോമസ് എന്ന മനുഷ്യന്‍. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും മാത്രമുടുത്തു തോളിലൊരു സഞ്ചിയുമായി ബസില്‍ മാത്രം സഞ്ചരിക്കുന്ന വ്യക്തി. എത്തിപ്പെടാന്‍ പറ്റാത്തയിടങ്ങളിലേക്കു മാത്രമാണ് അദ്ദേഹം ഓട്ടോറിക്ഷയെ പോലും ആശ്രയിക്കുക. സ്വന്തമായി വാഹനമില്ല, വാഹനമോടിക്കുകയുമില്ല. എന്നാലും സിനിമയുള്ളിടത്തെല്ലാം അദ്ദേഹം ഓടിയെത്തും. അദ്ദേഹമില്ലാതെ തലസ്ഥാനത്ത് ഗൗരവമുള്ളൊരു ചലച്ചിത്രോദ്യമവും നടക്കുകയുമില്ല. ഈ വസ്തുതകളൊക്കെയും അമ്പതു മിനിറ്റു മാത്രമുള്ള ഈ ചിത്രത്തില്‍ അടയാളപ്പെടുത്താനായിരിക്കുന്നു സംവിധായകന്. അജ്ഞാതയായൊരു ഗായികയുടെ ഗാനശകലത്തിനൊത്തുള്ള അദ്ദേഹത്തിന്റെ തീവണ്ടിയാത്രയും ബസിലെ രാത്രിയാത്രയുമടക്കം തോമസ് സാറിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം സുപരിചിതമായ എത്രയോ രംഗങ്ങള്‍.
ഒരുപക്ഷേ, കുടുംബത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണ കൂടിക്കൊണ്ടാണ് ജീവിതത്തിന്റെ ഭീമഭാഗവും തന്റെ ഇഷ്ടഭാജനമായ സിനിമ കാണാനും താലോലിക്കാനുമായി അദ്ദേഹത്തിന് ഉഴിഞ്ഞുവയ്ക്കാനായത്. അദ്ദേഹത്തെപ്പറ്റിയുള്ള ബിജുവിന്റെ സിനിമയും അതുകൊണ്ടുതന്നെ കുടുംബവൃത്താന്തങ്ങളൊക്കെ ഏതാനും ഷോട്ടുകളിലും വാക്യങ്ങളിലുമൊതുക്കി അധികവും അദ്ദേഹത്തിന്റെ സിനിമാനുബന്ധ ജീവിതത്തിലേക്കാണ് വെളിച്ചം വിതറുന്നത്.ടാഗോര്‍ തീയറ്ററിലെ ഫിലിം ഷോ കഴിഞ്ഞ് വിജയകൃഷ്ണനും ഭരത്ഗോപിക്കുമൊപ്പം പൂജപ്പുര വഴി കാല്‍നടയായി പോയിരുന്ന രാത്രികളുടെ ഓര്‍മകള്‍ അക്കാലത്തെ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നതാണ്.
വിജയകൃഷ്ണന്‍, വി.കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ഐ ഷണ്മുഖദാസ്, ഹരികുമാര്‍,കെ.പി.കുമാരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി,സി.എസ് വെങ്കിടേശ്വരന്‍, വി.കെ.ചെറിയാന്‍, ടി വി ചന്ദ്രന്‍, ബീന പോള്‍, രാമചന്ദ്രബാബു,സണ്ണിജോസഫ്, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു,കെ.ആര്‍.മനോജ്, സനല്‍കുമാര്‍ ശശിധരന്‍,സുദേവന്‍ തുടങ്ങിയവരുടെ വാക്കുകളിലൂടെ എം.എഫ്.തോമസ് എന്ന വ്യക്തിയുടെ സിനിമാസ്നേഹിയുടെ, ചലച്ചിത്രപഠിതാവിന്റെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതത്തിന്റെ പലതലങ്ങള്‍ വ്യക്തമാവുന്നുണ്ട് ഈ ലഘുസിനിമയില്‍.ആ ജീവിതത്തിന്റെ ദര്‍ശനം ഒപ്പിയെടുത്ത തിരക്കഥയാണ് സന്ദീപ് സുരേഷും ബിജുവും ചേര്‍ന്നെഴുതിയിട്ടുള്ളത്. പ്രൊഫ. അലിയാറും സീന സ്വാമിനാഥനും ചേര്‍ന്നുള്ള വിവരണപാഠം ചിത്രത്തിന്റെ ഏകാഗ്രതയ്ക്കു മുതല്‍ക്കൂട്ടുന്നതുമായി.അജോയ് ജോസിന്റെ പശ്ചാത്തലസംഗീതവും എസ്.സഞ്ജയിന്റെ സന്നിവേശവും ചിത്രത്തിന്റെ ആത്മാവ് നിലനിര്‍ത്തുന്നതായി.
സംവിധായകന്‍ ടി.വി.ചന്ദ്രന്റെ വാക്കുകളില്‍ ആ വ്യക്തിത്വം വളരെ സ്പഷ്ടവുമാണ്.' ഇഷ്ടപ്പെടുന്ന സിനിമകളെ വളരെ വികാരത്തോടെ തന്നെ സമീപിക്കുന്ന ഒരു രീതിയാണ് തോമസ് മാഷിന്‍േത്. അതുപോലെ തന്നെയാണ് ചലച്ചിത്രകാരന്മാരോടുമുള്ളത്' ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയാനായിട്ടുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ ചലച്ചിത്ര സഹയാത്രികനെന്നല്ല, സംഭാഷണത്തിനിടെ അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വതസിദ്ധമായ ശൈലി കടമെടുത്തെഴുതിയാല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ പല ഇതുകള്‍ കൊണ്ടും അദ്ദേഹത്തെ നല്ല സിനിമയുടെ തീവ്രവാദി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമയോടൊപ്പമുള്ള യാത്രയില്‍ അദ്ദേഹത്തിനുള്ളതിന്റെ നൂറിലൊരംശം കമ്മിറ്റ്മെന്റ് ഉണ്ടാകണേയെന്നാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ അനേക മാനസശിഷ്യരില്‍ ഒരാളെന്ന നിലയ്ക്കല്ല,അദ്ദേഹത്തില്‍ നിന്നു തന്നെ പഠിച്ച വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷയോടെ തന്നെ നോക്കിക്കണ്ടാലും സാങ്കേതികമടക്കമുള്ള സകല പരിമിതികളോടും പിഴവുകളോടും കൂടിത്തന്നെ നല്ലസിനിമയും ഒരു മനുഷ്യനും അതിന്റെ ദൗത്യം, ലക്ഷ്യം നിര്‍വഹിക്കുന്നുവെന്നുതന്നെ ഞാന്‍ നിസ്സംശയം പറയും. കാരണം, ഏതൊരു ഡോക്യുമെന്ററിയുടെയും ആത്യന്തികലക്ഷ്യം അതു വിഷയമാക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആര്‍ജവത്തോടും സത്യസന്ധവും ആത്മാര്‍ത്ഥവുമായി പകര്‍ത്തുന്നതാവണം. ആ അര്‍ത്ഥത്തില്‍ എം.എഫ്.തോമസ് എന്ന ചലച്ചിത്ര സഹയാത്രികന്റെ ജീവിതം ആലേഖനം ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ട് നല്ല സിനിമയും ഒരു മനുഷ്യനും. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പമുള്ള വൈകാരികമായി ഒരു അനുയാത്രയായിത്തീരുന്നു ഈ സിനിമ;ഒപ്പം മലയാളസിനിമയുടെ ചരിത്രത്തോടൊപ്പവുമുള്ള അനുയാത്രയും!


No comments: