Sunday, February 04, 2018

ജൂഡ് ഉയര്‍ത്തുന്ന രസനകള്‍

ഒരു മരണത്തോട് നാം എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും മരണത്തെ മാറ്റിനിര്‍ത്തി കഥയെഴുതുന്നയാള്‍ കാഥികനല്ലെന്നും എഴുതിയത് ഏണസ്റ്റ് ഹെമിങ് വേയാണ്.
മലയാള സിനിമയില്‍ ഞെട്ടിപ്പിച്ച ചില മരണരംഗങ്ങളുണ്ട്. അതൊന്നും വലിയ ട്രാജിക്ക് എപ്പിക്കുകളിലല്ല.മറിച്ച് ചില ചെറിയ കുഞ്ഞുസിനിമകളിലാണ്. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ കെ.പി.ഉമ്മറിന്റെ മരണമാണ് അതിലൊന്ന്.പിന്നൊന്ന്, വേണു നാഗവള്ളിയുടെ സുഖമോദേവിയിലെ മോഹന്‍ലാലിന്റെ മരണമാണ്. അത് ഓര്‍ക്കാന്‍ കാരണം കെ.പി.എ.സി.സണ്ണി എന്ന അതുല്യ പ്രതിഭയുടെ നിമിഷങ്ങള്‍ മാത്രം നീളുന്ന പ്രകടനം കൊണ്ടാണ്. വിടപറയുംമുമ്പേയിലെ സേവ്യറിന്റെ മരണത്തേക്കാള്‍ നമ്മെ പിടിച്ചുലയ്ക്കുന്ന അപ്രതീക്ഷിതവും യാഥാര്‍ത്ഥ്യവുമായ മരണങ്ങളാണവ. അതിനു സമാനമായൊരു മരണമാണ് ശ്യാമപ്രസാദിന്റെ ഹേ ജൂഡിലെ നിർണായകമായ ഒരു മരണ രംഗവും. അതങ്ങനെയായിത്തീരാനുള്ള കാരണമാണെങ്കിലോ അനിതരസാധാരണമായ അഭിനയശേഷിയുള്ള ഒരു നടന്റെയും ഭാവനാസമ്പന്നനായൊരു സംവിധായകന്റെയും പ്രതിഭകള്‍ ഒന്നുചേര്‍ന്നതുകൊണ്ടാണുതാനും.തീര്‍ച്ചയായും അതൊരു നടന്റെയും നടനെ പരമാവധി ഉപയോഗിക്കാനറിയാവുന്ന ഒരു സംവിധായകന്റെയും വിജയമാണ്.
മലയാളത്തിലെ നവഭാവുകത്വസിനിമയുടെ ദൃശ്യഭാഷയുടെ ഛന്ദസും ചമത്കാരവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്യാമപ്രസാദിന്റെ പുതിയ ചിത്രം തീര്‍ച്ചയായും നവഭാവുകത്വസിനിമകളുടെ പൊതു ധാരയില്‍ ഇതിനോടകം പലകുറി പലതരത്തില്‍ നിവര്‍ത്തിക്കപ്പെട്ട ഒരു കഥാവസ്തുവിനെത്തന്നെയാണ് ഇതിവൃത്തമാക്കുന്നത്. എന്നാല്‍ അതുകൊണ്ട് ഈ സിനിമ മോശപ്പെട്ടതാവുന്നില്ല.ഇകഴ്ത്തപ്പെടേണ്ടതുമല്ല. അസാമാന്യ സാങ്കേതിവോടെ ചിത്രീകരിക്കപ്പെട്ട ഇവിടെ പോലുളള മുന്‍കാലചിത്രങ്ങളില്‍ കൈ പതറിയ മാധ്യമബോധ്യമുളള സംവിധായകന്റെ തിരിച്ചുവരവായിട്ടാണ് ഹേ ജൂഡ് ആഘോഷിക്കപ്പെടേണ്ടത്, അടയാളപ്പെടുത്തപ്പെടേണ്ടതും. പ്രേക്ഷകന്റെ ഭാവുകത്വപരിണാമത്തെ തിരിച്ചറിയുന്നതില്‍ അകം പതറിയ സംവിധായകനെയാണ് ഇവിടെയില്‍ കണ്ടതെങ്കില്‍, പ്രേക്ഷകന്റെ മനസിലേക്കു സംവദിക്കുന്ന ചലച്ചിത്രകാരനെയാണ് ഹേ ജൂഡില്‍ കാണാനാവുക. അതുകൊണ്ടുതന്നെയാണ് ഹേ ജൂഡ് നല്ല സിനിമയാവുന്നതും. മലയാള സിനിമാചരിത്രത്തിന്റെ പേരേടില്‍ സൂക്ഷിക്കേണ്ട സിനിമയൊന്നുമല്ല ഹേ ജൂഡ്. പക്ഷേ തീര്‍ച്ചയായും അതു മനം മടുപ്പില്ലാതെ പ്രേക്ഷകനു കണ്ടിരിക്കാവുന്ന, കണ്ടുതീര്‍ക്കാവുന്ന ഒന്നുതന്നെയാണെന്നു നിശ്ചയം.ഹേ ജൂഡ് ബാക്കിയാക്കുന്നത് നിരാശകളല്ലെന്നത് അതിനേക്കാള്‍ നിശ്ചയം.

No comments: