Friday, January 06, 2017

നല്ല സിനിമയെക്കുറിച്ചുള്ള സങ്കല്‍പവുമായി


ടി.കെ.സന്തോഷ്‌കുമാര്‍

1998 സെപ്റ്റംബര്‍ 27 ന്റെ കേരളകൗമുദി വാരാന്ത്യപ്പതിപ്പില്‍ എ.ചന്ദ്രശേഖറുടെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവരെപ്പറ്റി എഴുതിയ പുസ്തകലോകം


ചലച്ചിത്രസംബന്ധി
യാ മലയാള പുസ്തകങ്ങള്‍ താരതമ്യേന കുറവാണ്. അതിനാല്‍ അത്തരത്തിലുള്ള ഏതൊരു ശ്രമവും ചലച്ചിത്രാസ്വാദകര്‍ ആനന്ദത്തോടെയാണു സ്വീകരിക്കുന്നത്. എ.ചന്ദ്രശേഖറിന്റെ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തെ അവതരിപ്പിക്കുമ്പോള്‍ എം.എഫ്.തോമസ് ഇത്തരമൊരാനന്ദം പങ്കുവയ്ക്കുന്നുണ്ട്.
ചലച്ചിത്രത്തെ സ്‌നേഹിക്കുന്ന ഒരാസ്വാദകന്റെ ആത്മാര്‍ത്ഥമായ അഭിപ്രായപ്രകടനങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍.  സിനിമയെക്കുറിച്ചു ലേഖകന്റെ മനസിലുറച്ച ചില സങ്കല്‍പങ്ങള്‍ അവ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അക്കാദമിക് പാണ്ഡിത്യത്തിന്റെ സ്വഭാവങ്ങളല്ല മറിച്ച് ഒരാസ്വാദകന്റെ നേര്‍മുഖങ്ങളാണവയ്ക്കുള്ളത്. ലളിതമായ ഇതിലെ ശൈലി പ്രതിപാദ്യത്തിനിണങ്ങുന്നതുമാണ്. ശിക്ഷണം കിട്ടിയ ഒരു പത്രപ്രവര്‍ത്തകന്റെ ലാളിത്യമാണത്. അതില്‍ മറഞ്ഞിരിക്കുന്ന മഴവില്ലുകളില്ലെങ്കിലും തുറന്നു പറയുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇഴകള്‍ അന്വേഷണ തത്പരനായൊരു പത്രപ്രവര്‍ത്തകന്റെ പ്രജ്ഞകൊണ്ടു മെനഞ്ഞെടുത്തതാണ്.
നല്ല സിനിമയെക്കുറിച്ചൊരു ബോധം ചന്ദ്രശേഖറിനുണ്ട്. അതു ചീത്ത സിനിമ എന്താണെന്ന് വേര്‍തിരിവില്‍ നിന്നുണ്ടായതാണ്. ഒരു പക്ഷേ ചന്ദ്രശേഖറിന്റെ നല്ല സിനിമാസങ്കല്‍പം ഭൂരിപക്ഷത്തിന്റേതുമായി ഇണങ്ങിപ്പോകുന്നതായിരിക്കുകയില്ല. അതിനെക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ വിശ്വസിനിമയുടെ അമരം വഹിക്കുന്ന അമേരിക്കന്‍ സിനിമയെ തള്ളിമാറ്റിക്കൊണ്ട് ചന്ദ്രശേഖറിന്റെ നല്ല സിനിമയുടെ ഗണത്തിലംഗത്വം നേടുന്നത് ഇറാനിലെ സിനിമയാണ്. സംവിധായകന്‍ ഗബ്ബേ, സൈകഌസ്റ്റ്, പെഡ്‌ലര്‍ എന്നീ നല്ല ചിത്രങ്ങള്‍കൊണ്ട് നല്ല ചലച്ചിത്രകാരനെന്ന ഖ്യാതി നേടിയ മഖ്മല്‍ബഫും. നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍ എന്ന ആദ്യാദ്ധ്യായത്തില്‍ ഇതു വായിക്കാം. മഖ്മല്‍ബഫിനോടുള്ള ആരാധന കലര്‍ന്ന ഭാവം തന്നെയാണ് ആധുനിക സിനിമയിലെ തര്‍ക്കോവ്‌സ്‌കി എന്നു കീര്‍ത്തി കേട്ട പോളിഷ് സംവിധായകന്‍ ക്രിസ്‌തോഫ് കീസ് ലോവ്‌സ്‌കിയോടും  ഡോക്യുമെന്ററിയുടെ രൂപഘടന കഥാചിത്രങ്ങളുടെയും ആത്മാവാക്കിയ അദ്ദേഹത്തിന്റെ ഡെക്കാലോഗ്ുകളോടുമുള്ളത്. (അനശ്വരതയുടെ വാങ്മയ ചിത്രങ്ങള്‍) ഇത്തരം നല്ല സങ്കല്‍പം തന്നെയാണ് നവമുകുളങ്ങളുടെ രജതരേഖകള്‍ എന്ന ലേഖനത്തിന്റെയും ആന്തരികസ്വരം. ഇത്തരം അറിവുകളില്‍ നിന്നുകൊണ്ടാണ് ലേഖകന്‍ മലയാള ചിത്രങ്ങളെക്കുറിച്ച് എഴുതുന്നതും. സിനിമയിലെ സ്ത്രീപര്‍വം എന്ന ലേഖനത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാകാം ചര്‍ച്ചയ്ക്കു വിഷയമാക്കുന്നതെന്നു തോന്നാമെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇന്നു നായകന്മാരെപ്പോലെ നായികമാരില്ലാതെപോകുന്നതിനെപ്പറ്റിയാണാ ലേഖനം. നടിമാരുടെ ഈ അവസ്ഥയിലൂടെ അവരവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ദുഃസ്ഥിതിയിലേക്ക് ചിന്ത വ്യാപിപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തില്‍ ഉടനീളം സജീവമായിക്കിടക്കുന്ന സിനിമയെക്കുറിച്ചുള്ള നല്ല സങ്കല്‍പത്തിന്റെ അനുബന്ധമെന്ന നിലയിലാണ് ഡോക്യുമെന്ററിക്ക് എന്തു പറ്റി എന്ന അവസാന ലേഖനവും.

1 comment:

Unknown said...

Wish you all success to attain more heights.