Friday, November 29, 2013

ആര്‍ജ്ജവം കൊണ്ടു വരഞ്ഞ വലിയ വര

മതമില്ലാത്ത ജീവനെ പാഠപുസ്തകങ്ങളില്‍ നിന്ന് മതമൗലികവാദികള്‍ക്ക് രാഷ്ട്രീയ പ്രിതഷേധം കൊണ്ടു നീക്കാനായേക്കും. എന്നാല്‍ കൈപ്പടംവെട്ടിയാലും മതനിരപേക്ഷതയുടെ ഉദ്ദേശ്യശുദ്ധിയെ,ആര്‍ജ്ജവത്തെ കൊന്നുവീഴ്ത്താന്‍ അവര്‍ക്കാവില്ല. ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍ എന്ന സമകാലിക സിനിമയില്‍ എന്ത് ഒതുക്കത്തോടെയാണ് മതനിരപേക്ഷതയെ ദൈവത്തിന്റെ നിറവും രുചിയുമായി തണ്ണിമത്തന്റെ രുചിയും നിറവും ചേര്‍ത്തു വിളമ്പുന്നത്? സത്യത്തില്‍ അസാമാന്യമായ രചനാകൗശലത്തിന്റെ നവഭാവുകത്വ പരിശ്രമമായിത്തന്നെ ഇത് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ദൈവത്തെ ചങ്ങാതിയാക്കി അസാധ്യത്തെ സുസാധ്യമാക്കിക്കുന്ന പ്രമേയത്തിനുള്ളില്‍ തന്നെ, സ്‌നേഹം എന്ന സാര്‍വലൗകിക മതത്തെ പ്രണയത്തിലും, രക്ഷാകര്‍തൃത്വത്തിലും, സൗഹൃദത്തിലും, അധ്യാപനത്തിലുമെല്ലാമെല്ലാമായി ഒളിപ്പിച്ചു വച്ചിരിക്കുന്നു. അവ നിവര്‍ത്തിക്കുന്ന സാംസ്‌കാരിക ദൗത്യമാകട്ടെ, ബോധവല്‍ക്കരണത്തിന്റെ സ്ഥായിയായ ചെകിടിപ്പിനെ ബൗദ്ധികമായ സര്‍ഗാത്മകകൗശലം കൊണ്ടു മറികടക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും മലയാള നവഭാവുകത്വ സിനിമയില്‍ അടയാളപ്പെടുത്തല്‍ അര്‍ഹിക്കുന്ന സിനിമയാണ് ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍. കഥയില്ലായ്മയുടെ കെടുതികള്‍ നിര്‍വഹണത്തിലെ കസര്‍ത്തുകള്‍ കൊണ്ടു മറികടക്കാനുള്ള, സിനിമയുണ്ടായ കാലം മുതല്‍ക്കുള്ള മുഖ്യധാരയുടെ കൗശലം ഗീതമാരായും അഞ്ജലിമാരായും ഒഴിയാബാധയാകുമ്പോഴും, അല്‍പവും ദേഹണ്ഡപ്പെടാതെ ചുളുവില്‍ കമ്പോള വിജയം നേടാനുള്ള കുറുക്കുവഴികളാലോചിക്കുമ്പോഴും, ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപ്പെന്നിന്റെ രചയിതാക്കള്‍, ഉള്ളടക്കത്തിനു വേണ്ടി തലപുകച്ചിരിക്കുന്നു. കാമ്പുള്ള കഥ തേടാന്‍ മെനക്കെട്ടിരിക്കുന്നു. അതിന്റെ വിജയം തന്നെയാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നതും.
കുട്ടികളുടെ സിനിമ എന്നത് എന്തോ തരംതാണ ഏര്‍പ്പാടായി കാണുന്ന ശീലമാണ് നമ്മുടേത്. ഒരുപക്ഷേ മലയാളിയുടേതു മാത്രമായ ഇരട്ടത്താപ്പിന്റെ ബഹിര്‍സ്ഫുരണങ്ങളില്‍ ഒന്ന്. ഗൗരവമായി എഴുതുമ്പോള്‍ സംസ്‌കൃതം കൂട്ടിയേതീരൂ എന്ന എഴുത്തുകാരുടെ പുറംമേനി പോലൊന്ന്. പക്ഷേ, ലോക ചലച്ചിത്രാചാര്യമാര്‍ പലരും മികച്ച ബാലചിത്രങ്ങളെടുത്തിട്ടുള്ളവരാണ്. കമ്പോളവിജയം നേടിയ ഇ.ടി.ആയാലും, മലയാളത്തില്‍ തന്നെ രാമു കാര്യാട്ടിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി, അരവിന്ദന്റെ കുമ്മാട്ടി, ജിജോയുടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍, മോഹന്‍ രാഘവന്റെ ടി.ഡി.ദാസന്‍...അങ്ങനെ പലതും. എന്നാല്‍ അണുകുടുമ്പത്തില്‍ മിശ്രവിവാഹിതരുടെ ജീവിതത്തില്‍ ഒരു കുട്ടിക്കു സംഭവിക്കുന്ന പ്രശ്‌നങ്ങളും പഠനജീവിതത്തിലെ പ്രതിസന്ധികളും അതിനോടുള്ള മനശാസ്ത്രപരമായ സമീപനവും...ഒരര്‍ത്ഥത്തില്‍ മങ്കിപ്പെന്‍ ഹിന്ദിയിലെ ആമിര്‍ഖാന്റെ താരേ സമീന്‍ പര്‍ എന്ന സിനിമയുടെ തലത്തിലേക്കു പോലുമുയരുന്നുണ്ട്, അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍.
പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം നല്‍കാനായി എന്നതാണ് മങ്കിപ്പെന്നിന്റെ മാധ്യമസവിശേഷത. ഷാനില്‍ മുഹമ്മദും റോജിനും നവാഗതരുടെ പതര്‍ച്ച ലവലേശം കൂടാതെ അസാമാന്യമായ മാധ്യമബോധവും കൈയടക്കവും പ്രകടമാക്കിയിരിക്കുന്നു. എടുത്തു പറയേണ്ടുന്ന രണ്ടു ഘടകങ്ങള്‍ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ്. നീല്‍ ഡി കുണ്‍ഹയുടെ ക്യാമറയും രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീതവും സിനിമയെ അവാച്യമായൊരു അനുഭൂതിതലത്തിലേക്കുയര്‍ത്തുന്നു. അത്യാവശ്യം ചരിത്രവും, സമകാലിക മൂല്യച്യുതിയുമെല്ലാം കഥാവസ്തുവില്‍ മുഴച്ചുനില്‍ക്കാത്തവണ്ണം ഇഴപിരിച്ചു ചേര്‍ത്തിരിക്കുന്നു. 
മങ്കിപ്പെന്‍ മലയാളത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് സനൂപ്. ചേച്ചി സനൂഷയുടെ പാരമ്പര്യം സനൂപ് നിലനിര്‍ത്തും. ഒപ്പമഭിനയിച്ച ബാലതാരങ്ങളെയും മറക്കാനാവുന്നില്ല. നിര്‍മാതാക്കളിലൊരാളായ വിജയ് ബാബു പോലും അധ്യാപകന്റെ വേഷത്തില്‍ അവിസ്മരണീയ സാന്നിദ്ധ്യമായി.
ചിത്രത്തിലൊരിടത്ത് ഫിലിപ്‌സ് ഉന്നയിക്കുന്ന ഒരു കടംകഥയുണ്ട്. നമ്മള്‍ വരയ്ക്കുന്ന ഒരു നേര്‍വര മായ്ക്കാതെ തന്നെ ചെറുതാക്കുന്നതെങ്ങനെ? തിരിച്ചറിവിന്റെ മറുപാതിയില്‍ അവന് അതിന്റെ ഉത്തരവും കിട്ടുന്നു. തൊട്ടടുത്തായി ഒരു വലിയ വര വരച്ചാല്‍ മതി, ആദ്യത്തേതു ചെറുതാകും. സത്യത്തില്‍ ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ എന്ന കൊച്ചു സിനിമ സമകാലിക മലയാള സിനിമയില്‍ നിര്‍വഹിച്ച ചരിത്ര ദൗത്യവും അതുതന്നെയാണ്. സൂപ്പര്‍, ജനപ്രിയ താരസാന്നിദ്ധ്യങ്ങള്‍ വരച്ച ജലരേഖകളെ, കരുത്തുറ്റ പ്രമേയത്തില്‍ ചാലിച്ചു വരച്ച മങ്കിപ്പെന്‍ കൊണ്ട് ചെറുതാക്കിക്കളഞ്ഞു.
പറ്റിയതു പറ്റി. ആദ്യത്തെ വിജയം സംഭവിച്ചു. പക്ഷേ രണ്ടാമത്തേതാണ് ശരിക്കും പരീക്ഷണം. അത് സംവിധായകര്‍ ഓര്‍മിച്ചു സൂക്ഷ്ിച്ചു മുന്നോട്ടു പോകും എന്നു പ്രത്യാശിക്കാം

1 comment:

Sahani R. said...

എന്തിന് രണ്ടാമത്തെ വരവിനായി പ്രതീക്ഷിക്കണം. ഒന്നുതന്നെ മതിയല്ലോ ! ലൊക്കേഷന്‍ എവിടെയാണ് ?