Saturday, October 26, 2013

വഞ്ചനേ നിന്റെ പേരോ...?

അയാളെ ഇന്നു വീണ്ടും കണ്ടു.
 ''ചന്ദ്രശേഖറല്ലേ?''എന്ന പിന്‍വിളി കേട്ടു നോക്കിയപ്പോള്‍, അതേ മുഷിഞ്ഞ വേഷത്തില്‍, കനിവു തോന്നിപ്പിക്കുന്ന നരപിടിച്ച താടിയും ദയനീയ ഭാവവുമായി അയാള്‍. ''നമ്മള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണല്ലേ? '' എന്നയാള്‍ ചോദിച്ചു. യാതൊരു ദാക്ഷിണ്യവുമല്ലാതെ, ഒരു 'അതേ' യില്‍ മാത്രം മറുപടിയൊതുക്കി, ഏതോ നികൃഷ്ട ജീവിയെ എന്നോണം അയാളെ പറഞ്ഞൊതുക്കി വിടുന്നതു കണ്ട മകള്‍ കുറ്റപ്പെടുത്തി: ''കഷ്ടം, പാവം തോന്നുന്നു. ഈ അച്ഛനെന്തൊരു ക്രൂരനാ. കുറേക്കൂടി മയത്തില്‍ അയാളോടു സംസാരിക്കരുേേതാ? ''അപ്പോള്‍ ഞാനവളോടാ കഥ ചുരുക്കി പറഞ്ഞു-ഇവിടെ വിശദാംശങ്ങളോടെ പോസ്റ്റണമെന്നു തോന്നിച്ച അക്കഥയിലേക്ക്...
***
അന്നു ഞാന്‍ അമൃതാടിവിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി വന്നിട്ടേയുള്ളൂ.ഒരുച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞുണ്ണാന്‍ ബൈക്കില്‍ ഓഫിസിന്റെ വളവു തിരിയവേ, പെട്ടെന്നയാള്‍ മുന്നില്‍. സ്‌കൂളില്‍ ഞങ്ങള്‍ പഠിച്ച കാലഘട്ടത്തില്‍ ഒപ്പം പഠിച്ചതാണ്. എന്റെ മുതിര്‍ന്ന കഌസിലേതിലോ. ആത്മസുഹൃത്ത് വിനോദിന്റെ വീടിനടുത്താണ് അയാള്‍ താമസം. അങ്ങനെ പലപ്പോഴായി കണ്ടു നല്ല പരിചയം. ചിരിക്കാനോ മിണ്ടാനോ പറ്റിയ ബന്ധം. പഠിപ്പുകഴിഞ്ഞ് ജോലിയായി കോട്ടയത്തും പിന്നീട് കൊച്ചിയിലും തെണ്ടിത്തിരിഞ്ഞ് വീണ്ടും തിരുവനന്തപുരത്തു സ്വസ്ഥമാകാനെത്തിയപ്പോഴാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അയാളെ വീണ്ടും കാണുന്നത്.
തന്നേക്കാള്‍ വലിയ കുപ്പായം. മുഷിഞ്ഞ പാന്റ്. കയ്യില്‍ ഒന്നിലേറെ രക്ഷാബന്ധനങ്ങള്‍. ഒറ്റനോട്ടത്തില്‍ സഹതാപവും അനുതാപവും ഒന്നിച്ചു തോന്നിപ്പിക്കുന്ന നരച്ച താടിമീശ. പൊക്കം കുറഞ്ഞ അയാളുടെ സംസാരവും നേര്‍ത്തു നനുത്ത കനിവിന്റെ ശബ്ദത്തില്‍. സ്‌കൂള്‍മിത്രത്തെ കണ്ട ആവേശത്തിലായിരുന്നു ഞാന്‍. വിശേഷങ്ങളൊക്കെത്തിരക്കിയ ശേഷം അയാള്‍ പറഞ്ഞു:'' എനിക്ക് ഒരു മകള്‍. ഭാര്യ മരിച്ചു പോയി. മോള്‍ റീജനല്‍ ക്യാന്‍സര്‍ സെന്ററിലാണ്. പതിനേഴാംതീയതി ഓപ്പറേഷന്‍. വലിയൊരുതുക വേണം. കണ്ടതെല്ലാമെടുത്തു പണയം വയ്ക്കാനിറങ്ങിയതാണ്. തുകയൊക്കുന്നില്ല. നാളെ തുകയൊടുക്കണം.'' പറയുമ്പോള്‍ ഇടയ്‌ക്കെപ്പോഴോ അയാള്‍ ഗദ്ഗദമടക്കിയൊന്നിടറി. ഞാന്‍ കണ്ടാലോ എന്ന ആശങ്കയില്‍ കണ്ണീര്‍ തുടച്ചു.
'മുഖ്യമന്ത്രിയുടെ സഹായനിധി അങ്ങനെ ചിലതൊക്കെയില്ലേ?' സമാധാനിപ്പിക്കാനെന്നോണമാണു ഞാനതു പറഞ്ഞത്.
'' അതില്‍ നിന്നെല്ലാമുള്ളത് എന്നേ വാങ്ങിക്കഴിഞ്ഞു. അവളുടെ കഷ്ടപ്പാടു കാണുമ്പോള്‍ സഹിക്കാനാവുന്നില്ല ചന്ദ്ര. അതേയുള്ളൂ എന്റെ വിഷമം. ദൈവമായിട്ടായിരിക്കും താങ്കളെ എന്റെ മുന്നിലെത്തിച്ചത്. ആവശ്യക്കാരന്റെ ഔചിത്യമില്ലായ്മയായിക്കരുതിയാല്‍ മതി. കുറച്ചു പൈസ തന്നെന്നെ സഹായിക്കാമോ? എപ്പോള്‍ മടക്കിത്തരാനാവുമെന്നറിയില്ല. പക്ഷേ ജീവനുണ്ടെങ്കില്‍ ഞാന്‍ തിരികെ തരും.''
വലിയൊരു തുകയാണ് അയാള്‍ക്കു വേണ്ടിയിരുന്നത്. അത്രയും ഞാനൊറ്റയ്ക്കു കൂട്ടിയാല്‍ കൂടില്ല. പക്ഷേ ഒരുനിമിഷം മനസ്സിലൂടെ കടന്നുപോയത് എന്റെ മകളുടെ മുഖമാണ്. അവളേപ്പോലൊരു മകളുടെ കാര്യമാണ്. ശമ്പളം പിറ്റേന്നു വരും. പിറ്റേന്നു വന്നാല്‍ അതില്‍ നിന്നൊരു നല്ല വിഹിതം തരാം എന്നുമാത്രം ഞാന്‍ പറഞ്ഞു. ഓഫീസില്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞാല്‍ ചിലപ്പോള്‍ പിരിവിട്ടു തന്നേക്കും. പക്ഷേ, സഹപാഠിയാണ്. അയാളുടെ ആത്മാഭിമാനം വ്രണപ്പെട്ടാലോ?  തത്കാലം എന്നെക്കൊണ്ടാവുന്നതു ചെയ്യാം. ഞാന്‍ ഏറ്റതും അത്ര കുറഞ്ഞ സംഖ്യയൊന്നുമല്ലതാനും.
പറഞ്ഞിരുന്ന സമയത്തു തന്നെ പിറ്റേന്ന് അയാള്‍ എത്തി. റിസപ്ഷനില്‍ നിന്നെന്നെ വിളിച്ചു. ഞാന്‍ പറഞ്ഞതനുസരിച്ച് എന്റെ മുറിയിലെത്തി. ഞാന്‍ അയാള്‍ക്കുള്ള തുക ഭദ്രമായി ഒരു കവറിലാക്കിവച്ചത്, ലേശം കുറ്റബോധത്തോടെ (അയാള്‍ക്കിങ്ങനൊരു ദുര്‍വിധിയില്‍ ആത്മാഭിമാനം പണയപ്പെടുത്തേണ്ടിവന്നല്ലോ എന്ന അനുതാപത്തോടെ) അയാളുടെ കയ്യിലേല്‍പ്പിച്ചു.
' താങ്കളുടെ മകള്‍ക്ക് ദൈവം എല്ലാ ഐശ്വര്യങ്ങളും കൊടുക്കും. അത്രയേ എനിക്കു പറയാനുള്ളു ചന്ദ്രാ.' അതേറ്റു വാങ്ങുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. പുറം കുനിഞ്ഞു. കണ്ണീര്‍ നിലത്തിറ്റു. അന്നുരാത്രി തന്നെ ഭാര്യയോട് അയാളുടെ കദനം പങ്കിടുകയും ചെയ്തു.
ആഴ്ചകള്‍ കഴിഞ്ഞാണ്, ഒരു മധ്യാഹ്നത്തില്‍ എന്റെ ഓഫീസുമുറിയില്‍ സന്ദര്‍ശകനായി അയാള്‍ വീണ്ടുമെത്തി, അപ്രതീക്ഷിതമായി.
'' അവള്‍ പോയി ചന്ദ്രാ. എനിക്കവളെ രക്ഷിക്കാനായില്ല.'' അയാളുടെ വാക്കുകള്‍ ചാട്ടുളിപോലെയാണ് ഹൃദയത്തിലൂടെ ഊര്‍ന്നിറങ്ങിയത്.
''താങ്കളുടെ പണം വൈകാതെ ഞാന്‍ തിരികെത്തരാം പക്ഷേ, ഇപ്പോള്‍ എനിക്കൊരു 550 രൂപയുടെ അത്യാവശ്യം കൂടിയുണ്ട്. സഹായിക്കാമോ? ഇല്ലെന്നു പറയരുത്' തുടര്‍ന്നുള്ള ഈ വാക്കുകളില്‍ എന്തോ ഒരരുതായ്ക തോന്നിയെങ്കിലും, അപ്പോഴത്തെ ഞെട്ടലില്‍, ആകെ മനസുകൈവിട്ട ആ നിമിഷത്തില്‍ ഞാന്‍ പേഴ്‌സ് തപ്പി. അതില്‍ 350 രൂപയേ ഉണ്ടായിരുന്നുള്ളൂ.
' ആ അതെങ്കിലത്. ബാക്കി ഞാന്‍ അഡ്ജസ്റ്റ് ചെയ്‌തോളാം.' അയാളതും വാങ്ങി പോയപ്പോഴും ഞാനാ ഞെട്ടലില്‍ നിന്നുണര്‍ന്നില്ല. ഇനി മകളുടെ വേര്‍പാടില്‍ അയാളുടെ മനസുതന്നെ കൈവിട്ടുപോയിരിക്കുമോ എന്നായിരുന്നു എന്റെ സംശയം.
വൈകിട്ട് ആറരയുടെ വാര്‍ത്ത കഴിഞ്ഞ് ചായ കുടിക്കാനായി ഡിപിഐ ജംഗ്ഷനിലൂടെ വഴുതയ്ക്കാട്ടേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അയാളെ വീണ്ടും കാണുന്നത്. ഒരു സൈക്കിള്‍ കടയ്ക്കു മുന്നില്‍ നിന്ന് മദ്യപന്റെ ചേഷ്ടകളോടെ എന്തൊക്കെയോ ആംഗ്യം കാണിച്ചു വലിയ ഒച്ചയില്‍ സംസാരിക്കുകയാണ്. പൊട്ടിച്ചിരിക്കുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്യുന്നു. ആള്‍ എന്നെ കണ്ടിട്ടില്ല. അല്‍പം ദൂരെ മാറ്റിനിര്‍ത്തി ഹെല്‍മറ്റിനുള്ളിലൂടെതന്നെ ഞാനയാളെ കുറച്ചുനേരം നോക്കി നിന്നു. മനസ്സില്‍ എന്തെല്ലാമോ സംശയങ്ങളുടെ കൊള്ളിയാന്‍.
ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം ആദ്യം ചെയ്തത് ചങ്ങാതി വിനോദിനെവിളിക്കുകയാണ്. എന്തിനാണെന്നോ ഏതിനാണെന്നോ ഒന്നും പറഞ്ഞില്ല.അയാളെപ്പറ്റി മാത്രം ചോദിച്ചു. അയാളെ വശപ്പിശകായി വഴിക്കു കണ്ടതുകൊണ്ടു ചോദിക്കുകയാണെനന്നും പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് വിനോദ് മറുപടിയായി പറഞ്ഞ വാക്കുകള്‍ ഇന്നു അക്ഷരം വിടാതെ കാതുകളിലുണ്ട്:
'' അതറിയില്ലേ? ഗജഫ്രോഡല്ലേ? ലോക നാറി. അമ്മയും മറ്റും മരിച്ചതോടെ പറമ്പുവിറ്റും കുടിച്ചു. ഇപ്പോളൊരു ചെറ്റ മാത്രമുണ്ട്. കടം വാങ്ങാനിനി ആരുമില്ല. എല്ലാവരോടും വാങ്ങി കുടിച്ചു. കള്ളില്ലാതെ പുള്ളിയില്ല.'
എന്റെ സപ്തനാഡികളും തളര്‍ന്നു. വലിയൊരു വെളിപ്പെടുത്തലാണ്.
'അയാളുടെ ഭാര്യയും കുട്ടിയും...?'' എന്റെ ചോദ്യത്തിന് പരിഹാസം കലര്‍ന്ന ഒരു ചിരിയാണ് വിനോദില്‍ നിന്നുണ്ടായത്.
'' എടേയ് അതിനവന്‍ കല്യാണം കഴിച്ചിട്ടുവേണ്ടേ കുട്ടിയുണ്ടാവാന്‍? പെണ്ണിനും കുഞ്ഞിനുമെന്നെല്ലാം പറഞ്ഞും അവന്‍ നാട്ടുകാരായ നാട്ടുകാരുടെയിടയില്‍ നിന്നെല്ലാം കടം വാങ്ങിയിട്ടുണ്ട്. ഇനി നിന്റടുത്തെങ്ങാനും വന്നാ?''
പറ്റിയത് അബദ്ധമാണെന്നോ വഞ്ചിക്കപ്പെട്ടുവെന്നോ തിരിച്ചറിയാനാവാത്ത അന്ധാളിപ്പില്‍ ഏയ് അങ്ങനൊന്നുമില്ല എന്നൊരു ഒഴുക്കന്‍ മറുപടി പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.
വഞ്ചിക്കപ്പെട്ടതിനേക്കാള്‍ സങ്കടമുണ്ടായത്, ഇല്ലാത്തതാണെങ്കിലും ഒരു ഭാര്യയേയും മകളെയും സങ്കല്‍പിച്ചുണ്ടാക്കിയാണല്ലോ അയാള്‍ പണം തട്ടിയത് എന്നതിലായിരുന്നു. അതും കള്ളുകുടിക്കാന്‍.

പിന്‍കുറിപ്പ്
ഒന്നുകൂടി പറഞ്ഞാലെ കഥ തീരൂ.
ഇന്നു കണ്ടപ്പോഴും എന്റെ അവജ്ഞ നിറഞ്ഞ സംഭാഷണത്തിനു ശേഷം പിരിയാന്‍  ഒരു 30 രൂപയുണ്ടാവുമോ എടുക്കാന്‍? കടമായിട്ടുമതി!''

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ നല്ല ഒരമളി പിണഞ്ഞു അല്ലെ. സാരമില്ല. ഒറ്റയ്ക്കല്ല ഞങ്ങളൊക്കെ കൂടെ ഉണ്ട് ഇതു പോലെ പല പല അനുഭവങ്ങളുമായി
ഇത്തരക്കാർ  കാരണം യഥാർത്ഥ ആവശ്യക്കാർ ബുദ്ധിമുട്ടും. 

Sapna Anu B.George said...

ചന്ദ്ര... കബളിപ്പിക്കപ്പെട്ടു, ശരി തന്നെ, ചെയ്യരുതായിരുന്നു, അതും സമ്മതിച്ചു, എന്നാലും ചന്ദ്ര അയാൾ, തന്റെ സുഹൃത്ത് അവിടെ എങ്ങിനെയെത്തി എന്നാരും അന്വേഷിച്ചിട്ടില്ലല്ലോ!!! കള്ളുകുടിയൻ, കിടപ്പാടം വിറ്റു, ഇല്ലാത്ത ഭാര്യയെയും കുട്ടികളൂടെയും കാര്യം പറഞ്ഞു പൈസ പിടുങ്ങുന്നു.... ഒരു അയ്യപ്പൻ കവിതയോ ,ശ്രീനിവാസൻ കഥയോ ഒന്നും ഇല്ലായിരിക്കാം, എന്നാലും പഴയ സുഹൃത്തല്ലേ ??? കഥയാണെങ്കിലും, വഞ്ചനയൊന്നും അല്ല, അങ്ങേർക്കു വേറെ ഒന്നും ജീവിതത്തിൽ ചെയ്യാനില്ല , ചന്ദ്രാ.

Unknown said...

Merkur 37C Safety Razor Review – Merkur 37C
The Merkur 37c 바카라 is an excellent short handled DE safety 도레미시디 출장샵 razor. It is more suitable งานออนไลน์ for deccasino both heavy and https://septcasino.com/review/merit-casino/ non-slip hands and is therefore a great option for experienced