Friday, May 24, 2013

മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍


രാഷ്ട്രീയത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ മൂന്നു താക്കോല്‍ വാചകങ്ങളും ഒരു താക്കോല്‍ ദൃശ്യവുമാണ് ശ്യാമപ്രസാദിന്റെ ഇംഗ്‌ളീഷ് എന്ന സിനിമയുടെ ഹൃദയത്തിലേക്കുള്ള താക്കോല്‍. മഹാനഗരങ്ങളിലെ മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോള്‍ ഉറുമ്പിന്‍ പറ്റങ്ങളെ ഓര്‍മവരും എന്നൊരു നിരീക്ഷണമാണതിലൊന്ന്. ഇംഗഌഷ് എന്ന സിനിമയുടെ മൊത്തം ദൃശ്യപരിചരണവും ഈയൊരു നിരീക്ഷണത്തെയാണ് പ്രമേയമാക്കുന്നത്. ലെയ്റ്റ് മോട്ടീഫ് എ്ന്ന നിലയ്ക്ക് ആവര്‍ത്തിക്കുന്ന കട്ട് എവേ ദൃശ്യസമുചയവും നഗരത്തിന്റെ ഭ്രാന്തന്‍ തിരക്കിന്റെ അതിവേഗരംഗങ്ങളാണ്. എവിടെനിന്നില്ലാതെ, എങ്ങോട്ടേയ്‌ക്കെന്നില്ലാതെ,എന്തിനെന്നില്ലാതെ നിസ്സംഗം ചലിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍....
ഇനിയൊന്ന്, കഥാഗതിയുടെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ജീവിതത്തിലാദ്യമായി പരസ്പരം കണ്ടുമുട്ടുന്ന, രണ്ടുപേര്‍, ഒരു മധ്യവയസ്‌കയും ഒരു ചുള്ളനും, തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സന്ദിഗ്ധമായ, സങ്കീര്‍ണമായ നിമിഷത്തില്‍ നടത്തുന്ന സംഭാഷണമാണ്. ' ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെങ്കിലും എടുക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വരും' എന്ന നാദിയ മൊയ്തുവിന്റെ സരസുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നു പകച്ചു പോകുന്ന സിബിന്‍ കുര്യാക്കോസിന് (നിവിന്‍പോളി) ഒരുകാര്യത്തില്‍ സംശയമേയില്ല-' നിങ്ങള്‍ പറയുന്നതെന്താണെന്ന് എനിക്കുമനസ്സിലാവുന്നില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങള്‍ പറഞ്ഞതു ശരിയാണ്'
ഈ രണ്ടു താക്കോലുകളും കൊണ്ടു തുറക്കുമ്പോള്‍ കാണുന്ന ദൃശ്യം, ദിക്കറ്റ വിധിയുടെ കൊടുംപ്രവാഹത്തില്‍, ജീവിതം തന്നെ ഒരു കളിയാട്ടമായിത്തീരുന്ന ദുര്‍വിധിയാണ്. ആട്ടക്കാരനായ ശങ്കരന്‍, തന്റെ ജീവിതം തന്നെ മഹാനഗരത്തില്‍ ആടിത്തീര്‍ക്കുകയാണ്. കഥകളിപോലെ ജീവിതം. അതില്‍ കഥയുണ്ട്, കളിയുമുണ്ട്.
നാളിതുവരെയുള്ള ശ്യാമപ്രസാദ് സിനിമകളില്‍ നിന്ന് ഇംഗഌഷിനുള്ള പ്രധാന വ്യതിയാനം, രേഖീയ ആഖ്യാനത്തിന്റെ അതിലംഘനമാണ്. ശ്യാം സിനിമകളുടെ മുഖമുദ്ര തന്നെ മനുഷ്യമനസുകളുടെ ഉള്ളകസങ്കീര്‍ണതകളിലേക്ക് അരികെ നിന്നും അകലെ നിന്നുമുള്ള അതിസീക്ഷ്മവിശകലനമാണ്. തീര്‍ത്തും ഋജുവായ, ആത്മഗതത്തോളം പതിഞ്ഞ താളത്തിലുള്ള ഉള്‍നോട്ടം. നേര്‍ രേഖപോലെ ലംബമാനമായ ആഖ്യാനം. അതായിരുന്നു ശ്യാം സിനിമകളെല്ലാം. എന്നാല്‍, ആദ്യം പറഞ്ഞ മനുഷ്യമനസുകളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളുണ്ടെങ്കിലും തിരശ്ചീനമായ ആഖ്യാനശൈലിവിട്ട് നോണ്‍ ലീനിയറായ, അല്‍പം സങ്കീര്‍ണമായ ബഹുതല ആഖ്യാനത്തെയാണ് ഇംഗഌഷില്‍ പരീക്ഷിച്ചിട്ടുള്ളത്. നവഭാവുകത്വ സിനിമകളുടെ പൊതു സ്വഭാവത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നാണ് അതീവസങ്കീര്‍ണമായ ഈ നോണ്‍ ലീനിയര്‍ പ്രമേയാവതരണശൈലി.
നഗരം നഗരം മഹാസാഗരം എന്നൊക്കെപ്പറയുമ്പോലെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലുള്ള കഌഷേ സങ്കല്‍പനങ്ങളെയും, സമീപനങ്ങളെയും പുറംകൈക്കു തള്ളി, ഉറുമ്പിന്‍പറ്റങ്ങളെപ്പോലെ അര്‍ത്ഥമില്ലാത്ത, യാന്ത്രികമായ ദിനചര്യകളില്‍ സ്വയം മറക്കുന്ന നഗരജീവിതങ്ങളിലെ ഇനിയും വറ്റാത്ത കണ്ണീരുപ്പുകളിലേക്കും, ആര്‍ദ്രമാനസങ്ങളിലേക്കുമാണ് ശ്യാം ക്യാമറ തുറക്കുന്നത്. സമാന്തരമായി പറഞ്ഞുപോകുന്ന മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍, ഏറ്റവും ഹൃദ്യമാകുന്നത് മുകേഷിന്റെ ജോയിയുടെ കഥ തന്നെയാണ്. ഒരുപക്ഷേ, മുകേഷിന്റെ നാളിതുവരെയുള്ള വേഷങ്ങളില്‍, നടന്നെ നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ച, ഏറ്റവും ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇംഗഌഷിലേത്. പലപ്പോഴും, ഉള്ളിലെ വിങ്ങലുകള്‍ ചെറുചലനങ്ങളിലൂടെ പോലും വെളിപ്പെടുത്താനായി മുകേഷിന്. നിവിന്‍ പോളിയുടെ സിബിനാണ് തിളങ്ങുന്ന മറ്റൊരു കഥാപാത്രം. സ്വത്വം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ പുതുതലമുറയുടെ അസ്തിത്വ പ്രതിസന്ധി നിവിന്‍ തന്മയത്വത്തോടെതന്നെ പ്രകടമാക്കി. ജയസൂര്യയുടേത് പതിവു കഥാപാത്രമായിപ്പോയോ എന്നു സംശയം.
തിരക്കഥയില്‍ 'ആഹാ!' എന്ന് ആശ്‌ളേഷിക്കത്തക്കതായൊന്നും കണ്ടില്ല. പ്രത്യേകിച്ചും, പ്രവാസി മലയാളികളുടെ ജീവിതസന്ധികളുടെ അടിയൊഴുക്കുകള്‍ ചിത്രീകരിക്കുന്നതില്‍ മണല്‍നഗരം, കല്ലുകൊണ്ടൊരു പെണ്ണ് അടക്കമുള്ള രചനകളിലൂടെ കൈത്തഴക്കം വന്നൊരു സംവിധായകന് വെല്ലുവിളി നല്‍കാനുള്ള വകയൊന്നും സ്‌ക്രിപ്റ്റിലുണ്ടെന്നു തോന്നിയില്ല. എന്നിട്ടും സിനിമ നന്നായെങ്കില്‍ അതു സംവിധായകന്റെ ദൃശ്യപരിചരണത്തിന്റെ ഗുണം. ഒതുക്കത്തില്‍ പറയേണ്ടത് അങ്ങനെ പറഞ്ഞും സൂചന നല്‍കേണ്ടത് അങ്ങനെ കാണിച്ചുമാണ് സംവിധായകന്‍ മാധ്യമത്തിലുള്ള സ്വാധീനം ഉറപ്പിച്ചുകാട്ടിയത്. ശങ്കരന്‍ തന്റെ കാമുകിയെ സിബിനൊപ്പം ഹോട്ടലില്‍ കണ്ടെത്തുന്നിടത്തും, അച്ഛനുമായുള്ള തലമുറവിടവ് അമ്മാമ്മയുടെ രോഗാവസ്ഥയില്‍ അലിഞ്ഞില്ലാതാവുന്ന ജോയിയുടെ മകളുടെ ആര്‍ദ്രതയിലും ശ്യാമിന്റെ വിരല്‍സ്പര്‍ശം കാണാം.എന്നാല്‍, സരസ്വതിയുടെ (നാദിയാ മൊയ്തു) കഥാപാത്രത്തിന് ശ്രീദേവി അഭിനയിച്ച ഇംഗഌഷ് വിംഗഌഷ് എന്ന സിനിമയുമായി എന്തെല്ലാമോ തലങ്ങളില്‍ ചില സാമ്യങ്ങള്‍ തോന്നിക്കുന്നതും ഒഴിവാക്കാമായിരുന്നു.സരസുവിന്റെ ഭര്‍ത്താവിന്റെ അവിഹിതം സ്വവര്‍ഗാനുരാഗമാണെന്ന സസ്‌പെന്‍സ് പക്ഷേ ഋതുവില്‍ ആസിഫലിയുടെ കഥാപാത്രത്തിന്റെ അവതരണത്തില്‍ കാത്തുസൂക്ഷിച്ച ജാഗ്രതയുടെ അഭാവത്തില്‍ ഒരല്‍പം നേരത്തേ പ്രേക്ഷകര്‍ക്കു മനക്കണ്ണില്‍ വായിച്ചെടുക്കാവുന്നതായി.

ശ്യാമിന്റെ മുന്‍കാല സിനിമകളിലെന്നപോലെ തന്നെ ഇംഗഌഷ് കാത്തുവച്ച് ഒരദ്ഭുതം ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയാണ്. എത്രയോ കാതം ഭാവിയുള്ള ഒരു ഛായാഗ്രാഹകന്റെ ഉദയം തന്നെയാണ് ഇംഗഌഷ്.

3 comments:

Sapna Anu B.George said...

നിർമ്മലയുടെ കഥക്കു കിട്ടുന്ന നല്ല അംഗീകാരം, കൂടെ ചന്ദ്ര, താങ്കളുടെ അവലോകനവും കൂടിയായപ്പോൾ ഏഴുകടൽ കടന്നെത്തുന്ന, ഇംഗ്ലീഷിന്റെ സിഡി ക്കായി കാത്തിരിക്കുന്നു.

comrade said...

സംവിധായകൻ എന്ന നിലയിൽ എന്നും മനുഷ്യ ബന്ധങ്ങളെ കുറിച്ച് പറഞ്ഞിട്ടുള്ള ശ്യാമ പ്രസാദിന്റെ മനോഹരമായ കൈ അടക്കത്തോടെ ഉള്ള സൃഷ്ടി .. ജയസൂര്യ , നിവിണ്‍ പൊളി തുടങ്ങിയ അമിതാഭിനായ താല്പര്യമുള്ള കലാകാരന്മാരെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും അതിലൂടെ മറ്റൊരു ദേശത്ത് ദേശ കാഴ്ചകളിലേക്ക് അഭിരമികതെ ജീവിതത്തെ സാക്ഷ്യ പെടുത്തിയ സിനിമ , തനിക്കു പരിചിത മായ തൊഴിൽ മേഘലകളെ പ്രകടന പരത ഒന്നും ഇല്ലാതെ യാഥാര്ത്യ ബോധത്തോടെ പറയുന്നു . ഒരു പക്ഷെ ഹോട്ടൽ കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയ പ്രേക്ഷകന് ഇഷ്ട്ടപെട്ടെന്നു വരില്ല , --

Unknown said...

"ഇംഗ്ലീഷ്" കണ്ടു..

ഞാനൊരു die-hard Shyamaprasad fan അയാതുകൊണ്ട് review biased ആയി പലര്‍ക്കും തോന്നിയേക്കാം.. അവര്‍ എന്നോട് സദയം ക്ഷമിക്കുക..

ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നല്ലൊരു പുസ്തകം വായിച്ചു തീര്‍ത്ത സന്തോഷമായിരുന്നു മനസ്സിന്. ഏതൊരു ശ്യാമപ്രസാദ് സിനിമയേയും പോലെ വളരെ well going ആയ കഥ പറച്ചില്‍, പക്വമായ തിരക്കഥ, ഒപ്പം തന്റെ റോള്‍ മനോഹരമായി ചെയ്ത എല്ലാ അഭിനേതാക്കളും. നല്ലൊരു സിനിമ എന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ ഏതെങ്കിലും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതെല്ലാം കോര്‍ത്തിണക്കിയ സംവിധായകന്‍ തന്നെയാണ് ഈ സിനിമയുടെ real hero..

മനുഷ്യരും വിധിയും പലപ്പോഴും നമ്മുക്കനുസരിച്ചല്ല നമ്മളോട് പ്രതികരിക്കുക എന്ന ലോക സത്യം വളരെ ഭംഗിയായി ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം ഇംഗ്ലീഷ് സംസ്കാരം മലയാളി എന്ന കോണ്‍സപ്റ്റില്‍ എങ്ങിനെ അനുകൂലമായും പ്രതികൂലമായും സ്വാധീനം ചെലുത്തുന്നു എന്നും.

ജയസൂര്യ എന്നെ നടന്റെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടത്. പല ഘട്ടങ്ങളിലും ഇയാള്‍ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് തോന്നി പോകും. Amazing performance..!! മുകേഷിന്റെ പ്രകടനവും സമം തന്നെ.. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു പേരും തകര്‍ത്തു..!! നാദിയ മൊയ്തു, മുരളി മേനോന്‍, നിവിന്‍ പോളി, പിന്നെ നമ്മുടെ അക്കരക്കാഴ്ച്ചകളിലെ ജോര്‍ജ് അച്ചായാന്‍ എല്ലാവരും ഹൃദയത്തെ തൊട്ടു അഭിനയിച്ചിരിക്കുന്നു..

ഈ live sound-ന്റെ ഒരു ഭംഗി ശരിക്കും എടുത്തു പറയണം. നേരിട്ട് നമ്മള്‍ ജീവിതം കാണുന്ന ഒരു ഫീലിംഗ് ആണ് അതിന്. റെക്സ് വിജയന്റെ മ്യൂസിക്കും അതിമനോഹരം..

എന്നെ ഈ സിനിമ ഇത്രയും ഇഷ്ട്ടപെടുത്തിയ ആ ഒരു ഘടകം, അതിനെ പറ്റി ഇനി പറയാം.. ക്ലൈമാക്സ്‌.. ഒന്നും പറയാനില്ല.. Great..!! എന്നെ ജയസൂര്യയും മുകേഷും ശ്യാമപ്രസാദും കരയിപ്പിച്ചു. Kim Ki-Duk സിനിമകളെ ഓര്‍മ്മിപ്പിക്കും വിധം ഞെട്ടിപ്പിക്കുന്ന ഒരു ക്ലൈമാക്സ്‌ ആയിരുന്നു എനിക്കത്. Really touching..

നല്ല സിനിമയെ സ്നേഹിക്കുന്ന എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ മനോഹര ചിത്രം suggest ചെയ്യുന്നു..

നന്ദി ശ്രീ.ശ്യാമപ്രസാദ്.. ഒപ്പം ശ്രീ.അജയന്‍ വേണുഗോപാല്‍..