Saturday, March 16, 2013

Review in Deshabhimani sunday suppliment dated 17/03/2013

http://deshabhimani.com/periodicalContent2.php?id=753

മോഹന്‍ലാല്‍ എന്ന മലയാളി
സാജന്‍ എവുജിന്‍
ഏതെങ്കിലും പ്രത്യേക പ്രതിച്ഛായയുടെ തടവറയില്‍ കുടുങ്ങാത്ത നടനാണ് മോഹന്‍ലാല്‍. മലയാളിയുടെ എല്ലാ ശീലങ്ങളെയും ശീലക്കേടുകളെയും തന്മയത്വത്തോടെ അഭ്രപാളിയില്‍ അനശ്വരമാക്കാന്‍ മോഹന്‍ലാലിന്റെ ശരീരഭാഷയ്ക്ക് കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷന്‍താരം ജയന് നേരിട്ട ദുര്യോഗം അതുകൊണ്ട് മോഹന്‍ലാലിന് നേരിടേണ്ടിവരില്ല. ഉത്സവപ്പറമ്പുകളിലും ഹാളുകളിലും ജയന്റെ മിമിക്രിപ്രേതങ്ങള്‍ വിളയാടുന്ന ദുരവസ്ഥ. എന്നാല്‍, ടി പി ബാലഗോപാലന്‍ എംഎയ്ക്കും കിരീടത്തിലെ സേതുമാധവനും പഞ്ചാഗ്‌നിയിലെ റഷീദിനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും അത് സംഭവിക്കില്ല. മൗലികമായ ഇത്തരം നിരീക്ഷണങ്ങളാണ് 'മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്.

മലയാളത്തില്‍ സിനിമാസംബന്ധമായ പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍, അവതരിപ്പിക്കുന്ന വിഷയത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കള്‍ പരാജയപ്പെടുന്നു. ഈ പൊതുപ്രവണതയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പുസ്തകമാണിത്. മോഹന്‍ലാലിനെ പുകഴ്ത്താനോ അല്ലെങ്കില്‍ ആക്രമിക്കാനോ വേണ്ടി എഴുതിയതല്ല ഈ പുസ്തകമെന്ന് നിസ്സംശയം പറയാം. സമചിത്തതയോടെയും ഗൗരവബോധത്തോടെയും മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും പരിശോധിക്കുകയും കേരളീയസമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി മോഹന്‍ലാലിന്റെ താരസ്വരൂപം നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തിരിക്കയാണ് ഈ പുസ്തകത്തില്‍. മാധ്യമപ്രവര്‍ത്തകരായ എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നെഴുതിയ പുസ്തകം ചലച്ചിത്രമെന്ന മാധ്യമത്തെ മലയാളി എങ്ങനെയാണ് കാണുന്നതെന്നും വിശദീകരിക്കുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളെ സ്വാധീനിക്കുന്ന ശക്തിയാണ് സിനിമ. താന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് മോചനം തേടിയാണ് പലപ്പോഴും പ്രേക്ഷകര്‍ തിയറ്ററിലെ ഇരുട്ടിലേക്ക് എത്തുന്നത്. ജീവിതത്തിലെ ഊരാക്കുടുക്കുകളെ സമര്‍ഥമായി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് കൈയടി ലഭിക്കുന്നത് അതുകൊണ്ടാണ്. മോഹന്‍ലാലിനെ താരപദവിയില്‍ എത്തിച്ച കഥാപാത്രങ്ങള്‍ക്കും ഈ പൊതുസ്വഭാവമുണ്ട്.

ലക്ഷ്യം നേടാന്‍ ഏതുവഴിയും സ്വീകരിക്കാം. എതിരാളിയുടെയോ പ്രതികൂലമായ അവസ്ഥയുടെയോ നിഗ്രഹം മാത്രമാണ് സംഭവിക്കേണ്ടത്. വില്ലനില്‍നിന്ന് നെടുനായകത്വത്തിലേക്കുള്ള മോഹന്‍ലാലിന്റെ അഭിനയജീവിതം സംഭവബഹുലമാണ്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത വിധത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും കച്ചവടമൂല്യങ്ങളിലേക്ക് കൂപ്പുകുത്തേണ്ടി വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ ജനകീയത ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്. മാടമ്പിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതില്‍ കുറച്ച് പുരോഗമനസ്വഭാവം വരുത്താന്‍ ലാല്‍ കരുതല്‍ കാട്ടിയിട്ടുണ്ട്. ജീവിതനൊമ്പരങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച് നിരവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ മോഹന്‍ലാല്‍തന്നെയാണ് സാഗര്‍ ഏലിയാസ് ജാക്കിമാരായും വേഷപ്പകര്‍ച്ച നടത്തിയതെന്ന വസ്തുത നിസ്സാരമല്ല. വളരെ ചെറിയ ചില ശ്രദ്ധകള്‍, ശ്രദ്ധേയമായ ചില അശ്രദ്ധകള്‍ എന്നിവ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ വിജയത്തിന് എങ്ങനെ സഹായിക്കുന്നുവെന്നും പുസ്തകത്തില്‍ നിരീക്ഷണമുണ്ട്.

പകരംവയ്ക്കാന്‍ കഴിയാത്തവിധം മലയാളിത്തം അഭിനയത്തിലാവാഹിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മലയാളിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഭാഷാന്തരീകരണത്തിന് വഴങ്ങാത്ത ശരീരഭാഷയും സംഭാഷണശൈലിയുമാകാം ഇതിനുകാരണമെന്ന വാദത്തോട് യോജിക്കാം. സാഹിത്യത്തില്‍ കവിതയ്ക്കുമാത്രം അവകാശപ്പെട്ടതാണ് ഭാഷാന്തരീകരണം നടത്തുമ്പോള്‍ തനിമയുടെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന വസ്തുതയെന്നതും ഓര്‍ക്കണം. ഒരു താരത്തെ സൃഷ്ടിക്കുന്ന മനഃശാസ്ത്രം ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതാരികയില്‍ കെ ജയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പൂര്‍ണമായും ന്യായയുക്തമാണ്.

1 comment:

Unknown said...

Merkur Futur Adjustable Safety Razor - Sears
Merkur Futur Adjustable Safety herzamanindir.com/ Razor is the jancasino.com perfect balance of performance, safety, 토토사이트 and comfort. Made 1xbet app in Solingen, Germany, this razor has a perfect https://septcasino.com/review/merit-casino/ balance of