Friday, October 23, 2009

സിനിമയിലെ സ്ത്രീത്വം മിതക്കാഴ്ചകളുടെ അകംപൊരുളുകള്‍

ന്ത്യന്‍ സിനിമയിലെ സ്ത്രീ ഉപഭാേേഗവസ്തു മാത്രമാണ്. പുരുഷപ്രേക്ഷകര്‍ക്ക് സ്വന്തം സ്വപ്നങ്ങളിലെ കാമനകള്‍ പൂര്‍ത്തീകരിക്കാനുള്ള വിഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സിനിമയിലെ നായികമാര്‍. അതുകൊണ്ടു തന്നെയാണ് ചെറുപ്പക്കാരികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ വിവാഹിതരായ നടിമാരെ വച്ചുവാഴിക്കാത്തതും. ഇന്ത്യന്‍ സിനിമയിലെ സ്ത്രീത്വത്തെപ്പറ്റി മുമ്പ് തിരുവനന്തപുരത്തു നടന്ന ഒരു രാജ്യാന്തര ചലച്ചിത്രമേളയിലെ തുറന്ന വേദിയില്‍ നടിയും നാടകപ്രവര്‍ത്തകയും സംവിധായകന്‍ അനൂപ് സിങിന്റെ ഭാര്യയുമായ മിതാ വസിഷ്ഠിന്റെ മിതമായ തുറന്നുപറച്ചില്‍ ഉയര്‍ത്തിവിട്ട പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് ഒരു രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ ചടുലതയായിരുന്നു. വാക്കുകള്‍ കൊണ്ട് അവര്‍ക്കു നേരെ ദ്വന്ദ്വയുദ്ധത്തിനു മുതിര്‍ന്നവരില്‍ പ്രധാനി, മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖികളെ അവതരിപ്പിച്ച സംവിധായകനടന്‍ ബാലചന്ദ്രമേനോന്‍ തന്നെയായതില്‍ പന്തികേടില്ലേ? ചിലപ്പോള്‍ അകത്തിരുന്നൊരു രണ്‍ജി തിളച്ചുകാണണം അദ്ദേഹത്തില്‍. (കേവലമൊരു പെണ്ണിനു മുന്നില്‍ മിണ്ടാതിരിക്കുകയോ?) എങ്കിലും കുറഞ്ഞപക്ഷം, സ്വന്തം ഭാഷയിലെ സിനിമയുടെ അവസ്ഥയിലേക്കെങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിനു മുതിര്‍ന്നിരുന്നെങ്കില്‍ നെഞ്ചില്‍ കൈവച്ച് നമ്മുടെ സിനിമാക്കാരെയും പ്രേക്ഷകരെയും വനിതാവിമോചകരില്‍ നിന്ന് രക്ഷിക്കാന്‍ ഇങ്ങനൊരു ചാവേറാക്രമണത്തിന് മുതിരുമായിരുന്നില്ല അദ്ദേഹം എന്ന് ഈ ദൃക്സാക്ഷിക്ക് അന്നേ തോന്നിയതാണ്.

മറുവാദം കേള്‍ക്കാനുള്ള ക്ഷമയോ പ്രതിപക്ഷബഹുമാനമോ കാട്ടാതെ ഇറങ്ങിപ്പോയ അദ്ദേഹത്തെ സദസ്സെങ്കിലും ആത്മവിശകലനത്തിന് പ്രേരിപ്പിച്ചരിക്കണം. മിതാ വസിഷ്ഠ് പറഞ്ഞത് എത്രയോ ശരി എന്ന് അവരുടെ ഉള്ളകങ്ങള്‍ അവരോട് പറഞ്ഞിട്ടുമുണ്ടാകും. സാക്ഷരതയിലും പ്രബുദ്ധതയിലും മറ്റുള്ളവരെ പുച്ഛിക്കുന്ന മലയാളിയും സിനിമയുടെ കാര്യത്തില്‍ സ്വാര്‍ത്ഥതയും ഇരട്ടത്താപ്പും വച്ചുപുലര്‍ത്തുന്നവരാണെന്ന് ചലച്ചിത്രപണ്ഡിതര്‍ സമ്മതിക്കില്ല. പ്രേക്ഷകര്‍ നല്ലൊരു വിഭാഗം അറിയുകയും ചെയ്യും.

മലയാള സിനിമയില്‍ കാല്‍ നൂറ്റാണ്ടിന്റെ സജീവസാന്നിദ്ധ്യജൂബിലിയാഘോഷിക്കുന്ന വന്‍തോക്കുകള്‍ക്കൊപ്പം അഭിനയം തുടങ്ങിയ നടിമാര്‍ ഇന്ന് അമ്മ നടിമാരും അമ്മൂമ്മ നടിമാരുമാണ്. മമ്മൂട്ടിയും ലാലുമൊക്കെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ നായികമാരായിരുന്ന അംബികയും നളിനിയും ഇതിനപവാദമല്ല. രേവതിക്കു പോലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കേണ്ടി വന്നില്ലേ? തീര്‍ന്നില്ല. ഗീതയുടെയും സീമയുടെയും, ശോഭനയുടെയും താരതമ്യേന ഇവരേക്കാളെല്ലാം ചെറുപ്പമായ ബിന്ദു പണിക്കരുടെയുമെല്ലാം വിധി മറ്റൊന്നായില്ല. പലരും വിവാഹത്തെത്തുടര്‍ന്ന് ബ്ളാക്ക് ആന്‍ഡ് വൈറ്റ് സ്മരണകളായിക്കഴിഞ്ഞു. പകരം ഇന്നും അവര്‍ക്കൊപ്പം ആടിപ്പാടാന്‍ നടികളുണ്ട്. ലേശം ഇക്കിളി തൊട്ടു പറഞ്ഞാല്‍ കിളുന്തു പെണ്ണുങ്ങള്‍. അവര്‍ ഓരോ സിനിമയിലും പുതിയ മുഖങ്ങള്‍ തേടുന്നു. അങ്ങനെ പുതുമുഖികള്‍ അവതരിക്കുകയായി. ഷീല ഒരഭിമുഖത്തില്‍ പറഞ്ഞതു കാതോര്‍ക്കുക: അഭിനയത്തോട് ആത്മാര്‍പ്പണമുള്ള നടിമാരുണ്ടാവുന്നില്ല പുതിയ തലമുറയില്‍. ടീനേജിന്റെ ഇടവേളകളില്‍ ഒന്നു ചെത്താനും നാലു കാശുണ്ടാക്കാനുമുള്ള ഒരിടത്താവളം മാത്രമാകുന്നു അവര്‍ക്ക് സിനിമ. ശരിയായിരിക്കാം. സിനിമയില്‍ ഭാഗ്യപരീക്ഷയ്ക്കെത്തുന്ന പുതുമുഖങ്ങളില്‍ 25 ശതമാനം ഇത്തരക്കാരായിരിക്കാം. പക്ഷേ, ഇതു മാത്രമാണോ സത്യം? ഒരിടവേളയാഘോഷിച്ച് നടികളെ യാത്രയാക്കുന്നതില്‍ പ്രേക്ഷകര്‍ക്കും നായകനടന്മാര്‍ക്കും സംവിധായക നിര്‍മാതാക്കള്‍ക്കുമില്ലേ പങ്ക്?

എന്നും പുതുമ തേടുന്നവരാണല്ലോ മലയാള സിനിമക്കാര്‍. നായികമാരുടെ കാര്യത്തിലും ഈ സ്വഭാവം മാറുന്നില്ല. രണ്ടു സിനിമയെടുത്ത് അബദ്ധത്തില്‍ ഹിറ്റായി മാറിയ സംവിധായകനും അടുത്ത ചിത്രത്തിന് ആദ്യം അന്വേഷിക്കുന്നത് പുതുമുഖനായികയെയാവും. എന്നാല്‍ നായകനായി സൂപ്പര്‍ നടന്റെ ഡേറ്റുകിട്ടാന്‍ എത്രകാലം കാത്തിരിക്കാനും എത്ര കാലുപിടിക്കാനും തയ്യാറാകുമെന്നിടത്താണ്, മറ്റു പലതിലുമെന്നോണം മലയാളിയുടെ ഇരട്ടത്താപ്പ് വെളിവാകുക. വര്‍ഷങ്ങളോളം ഒരേ മുഖം നിത്യവസന്തമായി സഹിച്ചുപോന്ന മലയാളി പ്രേക്ഷകന്റെ മനോനില 25 വര്‍ഷമായി ഒന്നോ രണ്ടോ മുഖങ്ങളില്‍ ഉടക്കിക്കിടക്കുന്നതില്‍ അദ്ഭുതത്തിന് വകയില്ല. എന്നാല്‍, ഒരു ഷീലയിലോ ജയഭാരതിയിലോ മാത്രം സാന്ത്വനം കണ്ടിരുന്ന അവര്‍ക്കുമുന്നില്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്ര നായികമാരുടെ മുഖപ്പകര്‍പ്പുകളുണ്ടാവണം. നമ്മുടെ സിനിമക്കാര്‍ക്ക് റേഷന്‍ രണ്ടുതരത്തിലാണ്. നായികാക്ഷാമവും കഥാക്ഷാമവുമാണ് അവരെ അലട്ടുന്ന പ്രശ്നങ്ങള്‍! പ്രേംനസീറിന്റെ ഗിന്നസ് റെക്കോഡ് രണ്ടു മൂന്നു കാര്യങ്ങള്‍ക്കാണ്. ഏറ്റവുമധികം സിനിമകളില്‍ ഒരേ നായികയ്ക്കൊപ്പം ഒരേ സംവിധായകനു കീഴില്‍ അഭിനയിച്ചതിന്. ഷീല പോരാ, ഒരോ ചിത്രത്തിലും ഓരോ നായിക വേണമെന്ന് നസീര്‍ നിഷ്കര്‍ഷിച്ചിരുന്നെങ്കിലോ? ഇന്നത്തെ നായകന്മാരെപ്പോലെ, ഏറ്റവുമധികം പുതുമുഖ നായകമാരോടൊപ്പം അഭിനയിച്ചതിന് റെക്കോര്‍ഡിടാമായിരുന്നു. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വച്ച് സിനിമയ്ക്ക് പദ്ധതിയൊരുക്കുന്ന നിര്‍മാതാവും സംവിധായകനും ഇന്ന് ആദ്യം തിരക്കുക നായികയാക്കാന്‍ പറ്റിയ പുതുമുഖത്തിനാണ്. എടുത്താല്‍ പൊങ്ങാത്ത റോളാണെങ്കില്‍, ഇരട്ട വേഷം നല്‍കി നായകനൊരു മകനെ സൃഷ്ടിച്ച് ആടിക്കുഴയാനൊരു പുതുമുഖത്തെത്തേടുന്ന മലയാളിയുടെ സെന്‍സിനെയും അതാസ്വദിക്കുന്ന പ്രേക്ഷകന്റെ സെന്‍സിബിലിറ്റിയെയും എന്തു പേരിട്ടാണു വിളിക്കേണ്ടത്?

മലയാളത്തില്‍ ഒരുകാലത്തും നായകനടിമാര്‍ക്ക് ക്ഷാമമുണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ പുതുമുഖം എന്നു ചിന്തിക്കുന്നതിനു മുമ്പേ കേരളത്തില്‍ നിന്നോ മറുനാട്ടില്‍ നിന്നോ മലയാളമുഖങ്ങളോ മറുഭാഷാ മുഖങ്ങളോ നായികമാരായി അവതരിച്ചിട്ടുണ്ട്, അവതരിപ്പിച്ചിട്ടുണ്ട് കൈരളി. അവരില്‍ പലരും സിനിമയില്‍ തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഗീതയും ചിത്രയും മുതല്‍ മഞ്ജു വാര്യരും സംയുക്തവര്‍മയും മീര ജാസ്മിനും ഭാമയും വരെ നായികാനിരയുടെ കാര്യം വ്യത്യസ്തമല്ല. ഇവര്‍ക്കൊന്നും പഴയ ഷീലയുടെയോ ശാരദയുടെയോ സ്ഥാനം പ്രേക്ഷകമനസ്സില്‍ നേടിയെടുക്കാനായില്ലെങ്കില്‍ കാരണം അവരുടെ കഴിവുകേടാണെന്ന് അവരോട് വൈരാഗ്യമുള്ളവര്‍ പോലും പറയില്ല. അഥവാ ഇനി അത്തരം വാദമുന്നയിച്ചാല്‍ തന്നെ, ഇവിടെ നാം കണ്ടുമടുത്ത് ചണ്ടിയാക്കി പാര്‍ശ്വവല്‍ക്കരിച്ചു നിര്‍ത്തിയ നടിമാരില്‍ പലരും ഭാഷവിട്ടു ഭാഷമാറി തമിഴിലും തെലുങ്കിലും കുടിയേറിയപ്പോള്‍ അവര്‍ക്കു പ്രിയപ്പെട്ട ശില്‍പമാരും (ചിപ്പി) അഭിരാമിമാരും ദിവ്യമാരുമൊക്കെയായി വിലസിയതിനും വിലസുന്നതിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. മുറ്റത്തെ മുല്ലപ്പടര്‍പ്പു കണ്ടില്ലെന്നുവച്ചിട്ടാണല്ലോ നായികാക്ഷാമത്തിന് അറുതിതേടി നമ്മുടെ സിനിമാക്കാര്‍ മറ്റു ഭാഷകളില്‍ മുങ്ങാംകുഴിയിട്ട് അന്വേഷണം തുടരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്ന മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങളുടെ കഥയെടുക്കുക. എത്ര ചിത്രങ്ങളില്‍ കാവ്യയോ ഭാമയോ നായികമാരായി? സഹോദരി വേഷത്തില്‍ അവരെ പിന്നിലേക്കു തള്ളാന്‍ അവര്‍ക്കെന്താ അഭിനയമറിയില്ലെന്നുണ്ടോ? പകരം മലയാളത്തിലേക്ക് കെട്ടിയെഴുന്നള്ളിക്കപ്പെട്ടതോ- ഐശ്വര്യ, വസുന്ധര ദാസ് മുതല്‍ അഞ്ജലി സാവരിയും കത്രീന കൈഫും, ഗ്രേസി സിംഗും വരെയുള്ള പോമറേനിയന്‍ സുന്ദരികള്‍. ഇവര്‍ക്ക് കെട്ടുകാഴ്ചയില്‍ കവിഞ്ഞ എന്തു ധര്‍മമാണ് ഈ സിനിമകളില്‍ വഹിക്കാനുണ്ടായിരുന്നതെന്ന് വിശകലനം ചെയ്യാനുള്ള മിതമായ വകതിരിവെങ്കിലും മിതയോടേറ്റുമുട്ടും മുമ്പ് നമ്മള്‍ കാണിക്കണമായിരുന്നു. അതേസമയം, നമ്മുടെ യുവസുന്ദരിമാരാകട്ടെ ദേശഭാഷാ വേലിക്കെട്ടുകള്‍ക്കപ്പുറം തമിഴിലും ഹിന്ദിയിലും മറ്റും അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയരാവുന്നു. മലയാളത്തില്‍ പിന്നീടു മാത്രം അരങ്ങേറിയ അനന്യയുടെയും സംസ്ഥാന അവാര്‍ഡ് ജേതാവ് പ്രിയങ്കയുടെയും പ്രതിഭ നമുക്കു കാട്ടിത്തരാന്‍ തമിഴ് സിനിമ വേണ്ടി വന്നു. അതുതന്നെയാണ്, പാര്‍വതി (നോട്ട് ബുക്ക് ഫെയിം), അസിന്‍ എന്നിവരുടെ ഗതിയും. ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ നായികയാക്കാന്‍ മത്സരിക്കുന്ന അസിനെ മലയാളസിനിമ നിഷ്കരുണം തള്ളിക്കളഞ്ഞതാണെന്ന് എത്രപേര്‍ക്കറിയാം? നമ്മുടെ നയന്‍താരയേപ്പോലും ഇവിടെ ഉറപ്പിച്ചു നിര്‍ത്താനായില്ല നമുക്ക്. നന്നായി അഭിനയിക്കുമെങ്കിലും സുന്ദരിയായ മംമ്തയ്ക്കും മറിച്ചൊരു അനുഭവമല്ല കൈരളി സമ്മാനിച്ചത്. അതുകൊണ്ടെന്താ, അവരെല്ലാം അസിന്റെ ചുവടെ മറുഭാഷകളില്‍ തീവിലയുള്ള താരങ്ങളായി.

നടിമാരുടെ കാര്യത്തിലെങ്കിലും കച്ചവട സിനിമക്കാരും കലാസിനിമക്കാരും തമ്മില്‍ കാര്യമായ വേര്‍തിരിവില്ലെന്നതില്‍ മലയാളത്തിന് അഭിമാനിക്കാം. കാരണം, നമ്മുടെ സിനിമയില്‍ നമ്മുടെ നാടന്‍ സെന്‍സിബിലിറ്റിയില്‍ പ്രതികരിക്കേണ്ട കഥാപാത്രങ്ങള്‍ക്കും ഹിന്ദിയില്‍ നിന്ന് ഗ്രേസി സീങിനെയും തമിഴില്‍ നിന്ന് ലക്ഷ്മി റായിയെയും പദ്മപ്രിയയെയുമ് ഇറക്കുമതി ചെയ്യുന്നതിലെ മാനസികവ്യാപാരം വ്യാപാരമല്ലാതെ എന്തായിരിക്കും? മുമ്പും ദേശീയ അവാര്‍ഡ് കിട്ടിയ മോനിഷയെ വരെ അനിയത്തിക്കുട്ടിയായി തളച്ചുകെട്ടിയിട്ട് അന്യഭാഷകളില്‍ നിന്ന് നന്ദിതാ ദാസിനെയും മല്ലിക സാരാഭായിയെയും തമിഴില്‍ നിന്ന് ഖുഷ്ബുവിനെയും ഭാനുപ്രിയയെയും രംഭമാരെയും രമ്യാകൃഷ്ണന്മാരെയും തേടിപ്പോകുകയായിരുന്നു നമ്മള്‍. ഇവിടെ നന്ദിതാദാസും വസുന്ധരാദാസും തമ്മിലുള്ള സാമ്യം കേവലം ദാസിലൊതുങ്ങുന്നില്ല. പകരം കെട്ടുകാഴ്ചയാകുന്നതില്‍ ഒരേ തൂവല്‍പക്ഷികളാവുകയാണവര്‍. ഒപ്പമഭിനയിക്കാന്‍ ബിജു മേനോനില്ലായരുന്നെങ്കില്‍ രണ്ടുവര്‍ഷം നീളുമായിരുന്നോ മലയാളത്തില്‍ സംയുക്തയുടെ ആയുസ്? എങ്കില്‍ ദിവ്യ ഉണ്ണിയും ചിപ്പിയും അഭിരാമിയും പൂര്‍ണിമ മോഹനും ഒക്കെ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി?

ഇവിടെയും പ്രതിപക്ഷബഹുമാനമില്ലാതെ, വ്യക്തമായൊരു മറുപടി നല്‍കാതെ വാക്കൌട്ട് നടത്തുകയേ മലയാളിക്ക് നിവൃത്തിയുള്ളൂ. ഇതില്‍, ചില സ്ത്രീപക്ഷ ചിന്തകര്‍ മുന്നോട്ടു വച്ചതുപോലെ, സ്വന്തം ഭാര്യയും സഹോദരിയും ഒഴികെ ആരു മുണ്ടഴിച്ചാലും കുഴപ്പമില്ലെന്ന ഇരട്ടത്താപ്പുണ്ട്. പക്ഷേ, അങ്ങനെയായാലും, ഗ്ളാമറിനായി അന്യദേശത്തുനിന്നുതന്നെ നടിമാരെ കെട്ടിയെഴുന്നള്ളിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഷീലയും ജയഭാരതിയും സീമയും വാണ കേരളത്തില്‍ മംമ്തയും നയന്‍താരയും അഭിരാമിയുമൊന്നും പര്‍ദയിട്ടേ അഭിനയിക്കൂ എന്ന് വാശിപിടിച്ചിട്ടില്ല. മാത്രമോ, ഭാഷമാറി വന്നപ്പോള്‍ അവരില്‍ ചിലരുടെ ഗ്ളാമര്‍ ആവോളം ആസ്വദിച്ച് പ്രബുദ്ധത പ്രകടിപ്പിച്ചവരാണ് മലയാളികളെന്നും മറക്കരുത്. (എന്നാല്‍ മംമ്ത അതേ ഗ്ളാമര്‍ ലങ്കയിലൂടെ മലയാളത്തില്‍ തന്നെ കാഴ്ചവച്ചപ്പോള്‍ അതിന്റെ പേരില്‍ അവരെ ക്രൂശിക്കാനാണ് മലയാളിയുടെ കപട സദാചാരം ശ്രദ്ധിച്ചത്) ഇതിനിടെ, ആഗോളവല്‍കൃത സേവനവ്യവസ്ഥയില്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിസ്ഥിരതയില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ മന:സ്ഥിതി പോലെ, കാറ്റുള്ളപ്പോള്‍ തൂറ്റിയേക്കാമെന്ന് നായികമാര്‍ വിചാരിച്ചാല്‍ അതെങ്ങനെ കുറ്റമാകും

ബാലചന്ദ്രമേനോന്‍ കൊണ്ടുവന്നതില്‍ ശോഭനയും തമിഴിലൂടെ കടന്നുവന്ന രേവതിയുമൊക്കെ ഏറെക്കാലം പിടിച്ചുനിന്നത് മറക്കരുത്. അന്നൊക്കെ ഇത്രയും ഫ്രഷ് ആവശ്യപ്പെട്ടുതുടങ്ങിയിരുന്നില്ല മലയാളിയുടെ കാഴ്ചസംസ്കാരം. ഇന്നിപ്പോള്‍, പഴയതായാല്‍ ടി.വിയും ഫ്രിഡ്ജും എന്തിന് വീടു പോലും വെച്ചുവാഴിക്കില്ലെന്ന ആഗോളവല്‍കൃത കാഴ്ചപ്പാട് സിനിമാനടിമാരുടെ കാര്യത്തിലും നടപ്പില്‍ വരുത്തുന്ന പ്രേക്ഷകന്‍ നടന്മാരുടെ കാര്യത്തില്‍ മാത്രം സൌകര്യപൂര്‍വം കണ്ണടയ്ക്കുന്നു എന്നേയുള്ളൂ- നടനാരായാലും നടി പുതുമുഖമായാല്‍ മതി.

6 comments:

Sapna Anu B.George said...

വളരെ നല്ല വിശദീകരണം,നല്ല രീതിയിലുള്ള മിതക്കാഴ്ചകൾ....കേട്ടിട്ടില്ലെ എല്ല നാണയത്തിനും ഒരു മറുവശം.അതുപോലെ മലയാളസിനിമയിലെ സ്ത്രീത്വത്തെ അല്ലെങ്കിൽ സ്ത്രീകഥാപാത്രങ്ങൾ മുൻ നിരയിൽ അംഗീകാർങ്ങൾക്കും,അതല്ലെങ്കിൽ അവർ നയിക്കുന്ന ഒരു സിനിമ സൂപ്പർ ഡുപ്പർ ഹിറ്റാവാ‍ൻ, പൊതുജനം,അതായതു...സ്വാർഥബുദ്ധി മാത്രം കുടിയിരിക്കുന്ന,അഹങ്കാരം എന്ന മാറാരോഗം പിടിപെട്ട,സ്വയം ആരാധിക്കുന്ന മലയാളിയായ,ഇൻഡ്യക്കാരനായ,പുരുഷൻ വിചാരിക്കണം.ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ അഭാവമോ,അഭിനയ പാഠവവും സാ‍മർത്ഥ്യവും ഉള്ള നടികളുടെ കുറവോ അല്ല ഇവിടെ കാരണം.കാരണം പുരുഷൻ തന്നെയാൺ...അതും പ്രത്യേകിച്ച് സിനിമയിൽ.2 സിനിമകൊണ്ട് എന്റെ സിനിമകൾ കാണാൻ പോകുന്നതിനെക്കാൾ കൂടുതൽ പ്രേക്ഷകൾ മറ്റൊരു സിനിമകാണാനായി പോകുന്നു എന്നറിഞ്ഞാൽ, താൽക്കാലികമായെങ്കിലും വനവാസത്തിനയക്കപ്പെടുന്ന അഹങ്കാരം,സ്ത്രീയെ വെച്ചുപൊറുപ്പിക്കില്ല,തീർച്ച.
ചെമ്മീനിലെ കള്ളിച്ചെല്ലമ്മ ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു.അതുപോലെ ഒരു സിനിമയുടെ പേരുപറഞ്ഞാൽ അതിലെ സ്ത്രീകഥാപാത്രത്തെയാണ് ആദ്യം എല്ലാവരും തന്നെ ഓർക്കുന്നത്.സ്വയം അങ്കരിക്കുന്നവരുടെ ഈ പുരുഷന്മാർ ഉള്ളടത്തോളം വല്ലപ്പോഴും ഒരു മൃണാൾ സെന്നിനും,അടൂർ ഗോപാലകൃഷ്ണനും വല്ലപ്പോഴും മാത്രം ആ‍ത്മാർത്ഥതയോടെ വാർത്തെടുക്കുന്ന സ്തീകഥാപാത്രങ്ങൾ സിനിമാതീയറ്ററിൽ ആളെക്കയറ്റാൻ വേണ്ടി റ്റാക്സില്ലാതെ ഓടിക്കേണ്ടി വരുന്ന സിനിമാ തീയറ്റർ ഉടമകൾ.പിന്നെ ഒരുക്കലും ഒരിക്കലും ഒരു സ്തീകഥാപാത്രത്തെ അംഗീകരിക്കില്ല.താടിയും മീശയും നീട്ടിയ 4 ബുജിമാർക്കു കാണാൻ വേണ്ടി അവാർഡുസിനിമകൾ കാണാനായി സിനിമ ഓടിക്കാൻ ഏതു തീയറ്റടുകൾ തയ്യാറാകും.ഇൻഡ്യയിൽ ഒരു മീരാനായറും സിനിമ റിലീസ് ചെയ്യാറില്ല,അതെല്ലാം അൺഗു ഇൻഡ്യക്കുവെളിൽ ആണ്.കഥാപാത്രങ്ങളും, ജീവിതവും,കഥയും ഇവിടെ,പ്രദർശനം ഇൻഡ്യക്കു വേളിയിൽ.....ഇതിനാരാ ഉത്തരവാദി എന്നു,ചികഞ്ഞു നോക്കണ്ട ആവശ്യം ഒന്നും ഇല്ല!!!!.എന്തുകൊണ്ട് സ്ത്രീകഥാപാത്രങ്ങൾ ഇല്ല എന്നു തിരിഞ്ഞു നോക്കാൻ ഉദ്യമിച്ച മനസ്സി്നു പ്രണാമം.

Sapna Anu B.George said...

ഇന്ത്യന്‍ സിനിമ...അതേതു ഭാഷ ആയാലും ഇന്നും നിലനില്‍ക്കുന്നത് ഡാന്സിന്റെയും(ഇന്നത്തേതിനെ ഡാന്‍സ് എന്ന് പറയാമോ ആവോ?)പാട്ടിന്റെയും ലോകത്താണ്.ഭൂരിഭാഗം സ്ത്രീകളുടെ,ഒരു പ്രായം കഴിഞ്ഞാല്‍,പ്രതേകിച്ച്‌ അവരുടെ വിവാഹം കഴിഞ്ഞാല്‍,ശരീരഘടനയില്‍ വളരെ അധികം മാറ്റങ്ങള്‍ ഉണ്ടാകും.ഈ മാറ്റം അവരെ ഇത്തരം കഥാപാത്രങ്ങളില്‍ നിന്നും ഒഴിച്ച് നിര്ത്തുന്നു.ഈ മാറ്റം പുരുഷനും ബാധകമാണ്.പക്ഷെ ഇന്ത്യന്‍ സിനിമയില്‍ അതവര്‍ അഡ്ജസ്റ്റ് ചെയ്യുന്നു.ഇന്ത്യന്‍ സിനിമയോട് നമുക്കുള്ള സമീപനം മാറ്റാതെ ആര് എത്ര മുറവിളി കൂട്ടിയാലും ഈ പ്രവണതക്ക് ഒരു മാറ്റം ഉണ്ടാകുമെന്ന് ആരും വിചാരിക്കേണ്ട.
Balakrishnan(kbnepc@gmail.com)

അനാഗതശ്മശ്രു said...

http://www.youtube.com/watch?v=PQ5HyfM5DA8&feature=channel

കത്രീന മലയാളം പറയുന്നതു കേള്‍ ക്കുക ..

ഈ ലേഖനത്തില്‍ പറയുന്നതു വളരെ നാളായി മാധ്യമമ്ങള്‍ ചര്‍ ച്ച ചെയ്യുന്നതാണു
ഇനി നാം മലയാളികള്‍ ക്കു നന്നാവാന്‍ ആവില്ല

Sapna Anu B.George said...

Santhosh -A Blogger,...മലയാളിയുടെ മാനസികാവസ്ഥ വിചിത്രമായതാണ്.സ്വന്തം മണ്ണിന്റെ നൈതികബോധവും തനിമയും അവനില്‍ നിന്ന് അന്ന്യവത്കരിക്കപ്പെട്ടുപൊയിരിക്കുന്നു.
ചരിത്രപരമായ കാരണങ്ങളാല്‍, സങ്കീര്‍ണ്ണതകളുള്ള ഒരു സങ്കരജീവിയായി മാറിയിരിക്കുന്നു,അവന്‍.മരണവീട്ടില്പോലും, വളിച്ചതമാശ പറഞ്ഞ്“ഞാനും,ജഗതിക്കും ജഗദീ‍ഷിനുമൊപ്പമൊക്കും”എന്ന് വ്യാഖ്യാനിക്കപ്പെടാനാണ് അവന് താത്പര്യം.
അതു കൊണ്ടുതന്നെ,ഗൌരവതരമായ സാമൂഹ്യപ്രശ്നങ്ങള്‍ അവനെ അലട്ടാറുമില്ല. കേവലം,നേരംകൊല്ലി-“തമാശപ്പട”ങ്ങള്‍ പടക്കുന്നതിലായിരുന്നു,അവര്‍ക്ക് താത്പര്യം.
“മീശപിരിപ്പന്‍”ചിത്രങ്ങളും”പ്രഛന്നവേഷ ചിത്രങ്ങളും”അവനെ രസിപ്പിക്കുന്നു.അതു കൊണ്ടു പച്ഛയായജീവിതയാഥാര്‍ഥ്യങ്ങളീല്‍ നിന്നു വളരെ അകലെയാണുതാനും.
അതിനാല്‍ തന്നെ “സ്ത്രീ”എന്നത് കേവലം നേരമ്പോക്ക് സാമഗ്രി എന്നപരിഗണനയില്‍ ഒതുങ്ങിപ്പോകുന്നു.“കരുത്തരായസ്ത്രീ”കഥാപാത്രങ്ങള്‍ അവന്റെ തൂലികത്തുമ്പില്‍ പിറവിയെടുക്കാതെയിരിക്കുന്നതിനാല്‍,മികച്ച അഭിനേത്രികള്‍,എന്നത് അപ്രസക്ത്തമായി തുടരുന്നു.കൂട്ടത്തില്‍, പ്രതിഭാശാലിനികളായ ‘മഞ്ചുവാര്യര്‍മാര്‍”തികച്ചും വ്യക്തിപരമെന്നു വിശേഷിപ്പിക്കുന്ന കാരണങ്ങളാല്‍ വിടപറയുന്നതോടെ കഥ പൂര്‍ത്തിയാവുകറ്യും ചെയ്യുന്നു.ശക്തിസ്വരൂപിണികളും മൂല്യബോധമുള്ളവരുമായ മഹിളകള്‍,ഈ പുരുഷകേന്ദ്രീകൃതപുറമ്പൂച്ച് സ്മൂഹത്തിന്റെ മുന്‍ നിരകളീലേക്ക് കടന്നുവരിക,എന്നതാണ് ഇതിനെല്ലാം ഏകപരിഹാരം.

Harish said...

"മലയാളിയുടെ കാഴ്ചസംസ്കാരം മാറി". ശരിയാണ്. മിനുട്ടിന് മിനുട്ടിന് 'ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറിയിറങ്ങുന്ന' ടെലിവിഷന്‍ ആണ് ഈ സംസ്കാരത്തെ രൂപപ്പെടുത്തുന്നത്. അതിനാല്‍ തന്നെ പുരുഷ മേധാവിത്വം പുലരുന്ന ഒരു കണ്‍സ്യൂമര്‍ സമൂഹത്തിനു മറ്റേതൊരു ഉപഭോഗ വസ്തുവിനെ എന്ന പോലെ പെണ്ണിനേയും പെട്ടെന്ന് മടുക്കും. മാത്രമല്ല, കാണുന്ന 'ആണ്‍' (male) എന്‍റെ തന്നെ പ്രതി രൂപമാകയാല്‍ അതിനു എത്ര വയസ്സായാലും 'വയസ്സായി' എന്ന് ഞാന്‍ സമതിക്കില്ല. അതല്ലേ സത്യം?

shersha kamal said...

very good .
keep it up